‘കിരൺ കാർ ചോദിച്ചിട്ടില്ല, അച്ഛന്റെ സമ്മാനമായിരുന്നു കാർ’; കിരൺ കുമാറിന്റെ അഭിഭാഷകൻ

ഇന്ന് കോടതിയിൽ ശ്രമിക്കുക ഏറ്റവും കുറഞ്ഞ ശിക്ഷ പ്രതിക്ക് ലഭിക്കാനാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ പ്രതാപചന്ദ്രൻ പിള്ള. പ്രതിയെ വെറുതെ വിടാൻ ആവശ്യമായ എല്ലാ തെളിവുകളും ഹാജരാക്കിയതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് നിരാശാജനകമായ വിധിയാണെന്നും അപ്പീലുമായി മേൽ കോടതിയിലേക്ക് പോകുമെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. മതിയായ ഡിജിറ്റൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്നും അഡ്വ. പ്രതാപചന്ദ്രൻ പിള്ള 24 നോട് പറഞ്ഞു. ( lawyer justifies kiran kumar )
സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം പ്രതി കിരൺ കുമാറിന്റെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖയെ കുറിച്ചും അഭിഭാഷകൻ പ്രതികരിച്ചു.
‘ ആ ശബ്ദരേഖയിൽ എന്താണ് തെറ്റ് ? പിതാവ് സമ്മാനമായി കാർ കൊടുക്കാമെന്ന് പറഞ്ഞു. അയാൾ പറഞ്ഞു ഇപ്പോൾ കാർ വേണ്ട. അച്ഛന്റെ ഒരു ആഗ്രഹമാണ്, ഒരു കാർ എടുത്ത് തരാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സഹോദരൻ വിജിത്ത് പറയുന്നു. കുറേ കാറുകളുടെ ചോയ്‌സസും കൊടുക്കുന്നു. അപ്പോൾ കിരൺ ചോദിച്ചത് എന്തിനാണ് ഇപ്പോൾ നിങ്ങൾ തിരക്കിട്ട് കാർ വാങ്ങുന്നത് എന്നായിരുന്നു. അപ്പോൾ അച്ഛന്റെ ഒരു വൈകാരിക പ്രശ്‌നമാണെന്ന് പറഞ്ഞു. കിരൺ ഒരു ഓട്ടോ മൊബൈൽ എഞ്ചിനിയറായതുകൊണ്ട് എഞ്ചിൻ എഫിഷ്യൻസിയും ഫ്യുവൽ എഫിഷ്യൻസിയുമെല്ലാം പരിഗണിച്ച് ഒരു കാർ പറഞ്ഞു. അത് കഴിഞ്ഞ് ഒട്ടും എഫിഷ്യന്റ് അല്ലാത്ത ഒരു കാർ കൊണ്ടുവന്നു. ആ കാർ എഫിഷ്യന്റ് അല്ലാ എന്ന് പറയുന്നതിലും അയാളുടെ ഫ്രസ്‌ട്രേഷൻ കാണിക്കുന്നതിലും എന്താ തെറ്റ് ? ഫ്രസ്‌ട്രേഷൻ ഡിമാൻഡ് അല്ല, അതൊരാളുടെ പ്രതികരണമാണ്. എനിക്ക് സ്ത്രീധനം വേണമെന്ന് കിരൺ പറയുന്നതായോ, കാർ വേണമെന്ന് കിരൺ ആവശ്യപ്പെടുന്നതോ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളിൽ ഇല്ല’- അഭിഭാഷകൻ പറയുന്നു.
വളരെ നിരാശാജനകമായിരുന്നു വിധി. വെറുതെ വിടുമെന്ന് കരുതിയ പല കേസിലും ഇത്തരത്തിൽ സെഷൻസ് കോടതികൾ ശിക്ഷയ്ക്ക് വിധിക്കാറുണ്ട്. എന്നാൽ അപ്പീലിന് പോയി കഴിഞ്ഞാൽ അവരെയെല്ലാം വെറുതെ വിടാറുണ്ട്, ഈ കേസിലും അതാണ് പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
Story Highlights: lawyer justifies kiran kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here