അടിച്ചുതകർത്ത് ഹർമൻ; പൊരുതി തനിയ: ബാറ്റിംഗ് തകർച്ച അതിജീവിച്ച് സൂപ്പർനോവാസ്

വനിതാ ടി-20 ചലഞ്ചിൽ സൂപ്പർനോവാസിനെതിരെ വെലോസിറ്റിക്ക് 151 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സൂപ്പർനോവാസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 150 റൺസ് നേടിയത്. 71 റൺസെടുത്ത ഹർമൻപ്രീത് കൗർ സൂപ്പർനോവാസിൻ്റെ ടോപ്പ് സ്കോററായി. തനിയ ഭാട്ടിയയും (36) സൂപ്പർനോവാസിനായി തിളങ്ങി. വെലോസിറ്റിക്കായി കേറ്റ് ക്രോസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെയായിരുന്നു സൂപ്പർനോവാസിൻ്റെ തുടക്കം. പ്രിയ പുനിയ (4), ഹർലീൻ ഡിയോൾ (7) എന്നിവരെ കേറ്റ് ക്രോസ് പുറത്താക്കിയപ്പോൾ ദിയേന്ദ്ര ഡോട്ടിനെ (6) ദീപ്തി ശർമ്മ മടക്കി. 18 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി ബാറ്റിംഗ് തകർച്ച നേരിട്ട സൂപ്പർനോവാസിനെ നാലാം വിക്കറ്റിൽ ഹർമൻപ്രീത് കൗറും തനിയ ഭാട്ടിയയും ചേർന്നാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 82 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. 32 പന്തുകൾ നേരിട്ട് 36 റൺസ് നേടിയ തനിയ ഒടുവിൽ ദൗർഭാഗ്യകരമായി റണ്ണൗട്ടായി.
തനിയയ്ക്ക് പിന്നാലെ ക്രീസിലെത്തിയ സുനെ ലൂവിനെ ഒരുവശത്ത് നിർത്തി തുടർ ബൗണ്ടറികൾ കണ്ടെത്തിയ ഹർമൻ സൂപ്പർനോവാസിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 42 പന്തിൽ ഹർമൻ ഫിഫ്റ്റി തികച്ചു. അവസാന ഓവറുകളിൽ കൊടുങ്കാറ്റായ ഇന്ത്യൻ ക്യാപ്റ്റൻ 19ആം ഓവറിലെ അവസാന പന്തിൽ പുറത്തായി. 51 പന്തിൽ 7 ബൗണ്ടറിയും 3 സിക്സറും സഹിതം 71 റൺസെടുത്ത ഹർമനെ രാധ യാദവ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 14 പന്തുകളിൽ 20 റൺസെടുത്ത് പുറത്താവാതെ നിന്ന സുനെ ലൂ സൂപ്പർനോവാസിനെ 150ലെത്തിച്ചു.
Story Highlights: WT20 challenge supernovas innings velocity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here