Advertisement

പൈശാചിക സംഭവത്തെ നിസാരവല്‍ക്കരിച്ച മനസിനെ സമ്മതിക്കണം; എം എം മണിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

May 25, 2022
Google News 2 minutes Read

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എം എം മണി നടത്തിയ പരാമര്‍ശങ്ങളോട് കടുത്ത ഭാഷയില്‍ വിയോജിപ്പ് രേഖപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച പൈശാചിക സംഭവത്തെ ഇത്ര നിസ്സാരവത്കരിച്ച് പറയാനുള്ള മനസ്സിനെ സമ്മതിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസാണെന്ന എം എം മണിയുടെ പരാമര്‍ശം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂരിന്റെ വിമര്‍ശനങ്ങള്‍. ഇരയെ, എതിരാളിയെ ഒക്കെ മോശമായി ചിത്രീകരിക്കുന്നത് സിപിഐഎം സ്ഥിരമായി പയറ്റുന്ന തന്ത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. ഇടത് ബുദ്ധിജീവികളും സഹയാത്രികരും ഇതിനെതിരെ പ്രതികരിച്ച് കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിമര്‍ശനങ്ങള്‍. (thiruvanchoor radhakrishnan slams mm mani)

പോസ്റ്റിന്റെ പൂര്‍ണരൂപം:

‘വണ്‍,ടൂ,ത്രീ…ചത്തവന്റെ വീട്ടില്‍ കൊന്നവന്റെ പാട്ട്’

1) നടിയെ ആക്രമിച്ച കേസ് നാണം കേട്ട കേസ്.
2) വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പലതും ഉണ്ട്.
3) കേസില്‍ മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും, മുന്‍ മന്ത്രി എം എം മണി.

ഇനി പറഞ്ഞ ഓരോ കാര്യങ്ങളും ഒന്ന് വ്യക്തമായി പരിശോധിക്കാം,
1) ശരിയാണ്, കേരള ജനത ഒന്നടങ്കം വര്‍ഷങ്ങളായി പറയുന്നത് തന്നെയാണിത്; കേരളത്തിനും, മലയാളികള്‍ക്കും നാണം കെട്ട് തല കുനിക്കേണ്ടി വന്ന കേസാണിത്.
2) അതെ, സത്യമാണ്. കേസന്വേഷണത്തെ ഇഴ കീറി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പലതുമുണ്ട്. ആര്‍ക്കും ഈ കാര്യത്തിലും സംശയമില്ല.
3) പരമാര്‍ത്ഥം. പക്ഷേ,ഒരു ചെറിയ തിരുത്തുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല എന്നല്ല, ഒന്നും ‘ചെയ്യില്ല’ എന്നതാണ് വസ്തുത.
മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച, പൈശാചികമായ ഈ സംഭവത്തെ ഇത്ര നിസ്സാരവത്ക്കരിച്ച് പറയാനുള്ള ആ മനഃസാക്ഷി സമ്മതിക്കണം. സ്ത്രീ സുരക്ഷയെ പറ്റി അഹോരാത്രം സംസാരിക്കുന്ന സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാനില്ല പോലും. നാടൊട്ടുക്കും,അതിജീവിതക്കൊപ്പം എന്ന് മേനി നടിക്കുന്ന ഒരൊറ്റ ‘ഇടത് ബുദ്ധിജീവികളും, സഹയാത്രികരും’ ഇത് വരെ പ്രതികരിച്ച് കണ്ടില്ല.
എല്ലാക്കാലവും സിപിഐ(എം) പയറ്റുന്ന രക്ഷപ്പെടല്‍ തന്ത്രമാണ് ഇരയെ, എതിരാളിയെ സമൂഹത്തില്‍ മോശക്കാരാക്കി ചിത്രീകരിക്കുക എന്നത്. ടിപി ചന്ദ്രശേഖരന്‍, ജിഷ്ണു പ്രണോയ്, ആന്തൂരിലെ സാജന്റെ ഭാര്യ, വാളയാറിലെ ഭാഗ്യവതി എന്നീ ഉദാഹരണങ്ങള്‍ മാത്രം മതി സിപിഐ(എം) ന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍. മനുഷ്യത്വം തീരെയില്ലാത്ത, അതിജീവിതയെ വിശ്വാസത്തിലെടുക്കാതെ മോശക്കാരിയാക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്. അതിജീവിതക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും കൂടെ നില്‍ക്കേണ്ട സര്‍ക്കാരിന്റെ മൗനം, അവരോടുള്ള പരിഹാസം, അന്വേഷണ പാളിച്ചകള്‍ എന്നിവ കേരള ജനത തിരിച്ചറിയണം.
ഈ ധാര്‍ഷ്ട്യം ഓരോ മലയാളിക്കുമുള്ള മുന്നറിയിപ്പാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി അതിജീവിതയുടെ പരാതി കൂട്ടിക്കലര്‍ത്താന്‍ നോക്കുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, അന്തരിച്ച പി ടി തോമസിനെ അപമാനിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം, ഇതെല്ലാം ചേര്‍ത്ത് വായിക്കണം. തങ്ങളുടെ നേട്ടത്തിന് ആരെയും, എന്തിനെയും ഇകഴ്ത്തുന്ന തരം താഴ്ന്ന പ്രഖ്യാപനങ്ങള്‍ സിപിഐ(എം) ന് പുത്തരിയല്ല, എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

Story Highlights: thiruvanchoor radhakrishnan slams mm mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here