“നടുറോഡിൽ പായവിരിച്ച് പ്രതിഷേധം”; കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഒറ്റയാൾ പ്രതിഷേധവുമായി പ്രദീപ്…

സമൂഹത്തിന്റെ വളർച്ചയ്ക്ക് സമൂഹത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾക്കുമെല്ലാം അവിഭാജ്യ ഘടകം തന്നെയാണ് പ്രതിഷേധങ്ങൾ. വലുതും ചെറുതുമായ നിരവധി പ്രതിഷേധങ്ങൾക്ക് കാലം സാക്ഷിയായിട്ടുണ്ട്. വ്യത്യസ്തമായൊരു പ്രതിഷേധമാണ് ഇന്ന് പങ്കുവെയ്ക്കുന്നത്. കൊല്ലം ജില്ലയിലെ പുനലൂർ ഐക്കരക്കോണം സ്വദേശിയായ പ്രദീപിന്റെ വ്യത്യസ്തമായ പ്രതിഷേധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രതിഷേധത്തിന് കാരണം ഗൗരവമേറിയത് തന്നെയാണ്. കുടിവെള്ളമാണ് പ്രശ്നം. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഒറ്റയാൾ പ്രതിഷേധം നടത്തുകയാണ് പ്രദീപ്.
എങ്ങനെയാണ് പ്രദീപിന്റെ പ്രതിഷേധമെന്നല്ലേ? നടുറോഡിൽ പായ വിരിച്ച് കിടന്നാണ് പ്രദീപ് പ്രതിഷേധിക്കുന്നത്. അങ്ങനെയെങ്കിലും അധികാരികളോ വേണ്ടപെട്ടവരോ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയാൽ മതി. പുനലൂർ ഐക്കരക്കോണം-കക്കോട് റോഡിലാണ് ഈ ഒറ്റയാൾ സമരം നടക്കുന്നത്.
പുനലൂർ നഗരസഭ പരിധിയിലെ ഐക്കരക്കോണം കക്കോട് മേഖലകളിൽ ഒരു മാസത്തോളമായി കുടിവെള്ളം എത്തിയിട്ട്. നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് ഒരു മുന്നറിയിപ്പും ഇല്ലാതെ പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ ആരംഭിച്ചതോടെയാണ് ഇവിടെ കുടിക്കാൻ വെള്ളമില്ലാതെയായത്.
പണി ആരംഭിച്ച ദിവസം തന്നെ കുടിവെള്ളം ലഭ്യമാകുമെന്ന് ജല അതോറിറ്റി ഉറപ്പു നനൽകിയെങ്കിലും ഒന്നും നടന്നില്ല. ആരും വഴിയ്ക്ക് തിരിഞ്ഞു നോക്കിയതുമില്ല. എന്നാൽ പിന്നെ പായ വിരിച്ചങ്ങ് റോഡിൽ കിടന്നേക്കാം എന്ന് പ്രദീപും തീരുമാനിച്ചു. “കഴിഞ്ഞ മുപ്പത് ദിവസമായി ഞങ്ങളുടെ വീട്ടിൽ വെള്ളമില്ല. മന്ത്രിയെ വിളിച്ചു. എ ഇ ഇതുവരെ ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല. നൂറ് പ്രാവശ്യമെങ്കിലും പുള്ളിയെ വിളിച്ചിട്ടുണ്ട്. പ്രദീപ് പറയുന്നു. ഇന്നലെ വെള്ളം വന്നു. പക്ഷെ പൈപ്പിൽ കൂടിയല്ല വന്നത് റോഡിൽ കൂടെയാണെന്ന് മാത്രം പ്രദീപ് കൂട്ടിച്ചേർത്തു.
ഇത്ര ദിവസത്തിനിടക്ക് ആരും വന്ന് തിരിഞ്ഞുപോലും നോക്കിയില്ല. മുനിസിപ്പാലിറ്റിയിൽ പരാതി പറഞ്ഞു. പരാതി പറയാനായി ജല അതോറിറ്റി അധികാരികളെ വിളിച്ചെങ്കിലും മറുപടിയില്ല എന്നാണ് ആക്ഷേപം. വകുപ്പ് മന്ത്രിയായ റോഷി അഗസ്റ്റിനുമായി ബന്ധപ്പെട്ടിട്ടും ഇതുവരെ വെള്ളമെത്തിയില്ല. കുടിക്കാൻ വെള്ളമെത്തിയില്ലെങ്കിൽ പ്രദീപിന് പിന്തുണയുമായി വ്യത്യസ്തമായ സമരങ്ങൾ നടത്താൻ നാട്ടുകാരും തയ്യാറെടുക്കുകയാണ്.
Story Highlights: Protest for drinking water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here