“കാറ്റത്തെക്കിളിക്കൂട് മുതല്‍ ഭൂതകാലം വരെ”; രേവതിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം….

അഭിനയ മൂഹൂർത്തങ്ങൾ കൊണ്ട് മലയാള സിനിമയെ അതിശയിപ്പിച്ച അഭിനേത്രിയാണ് രേവതി. രേവതി ജീവൻ നൽകിയ വേഷങ്ങളെല്ലാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. ഈ അതുല്യ നടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട് നാൽപത് വർഷങ്ങളാകുന്നു. ഭരതന്‍ സംവിധാനം ചെയ്ത ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെയായിരുന്നു രേവതിയുടെ മലയാള സിനിമയിലേക്കുള്ള തുടക്കം. നീണ്ട വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യ സംസ്ഥാന പുരസ്‌കാരം രേവതിയെ തേടി എത്തി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാര സ്വന്തമാക്കിയിരിക്കുകയാണ് നടി.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ഹൊറര്‍- ത്രില്ലറില്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു അമ്മയുടെ വേഷം അതിഗംഭീരമായാണ് രേവതി അവതരിപ്പിച്ചത്. ഷൈന്‍ നിഗമായിരുന്നു ചിത്രത്തില്‍ രേവതിയ്‌ക്കൊപ്പം വേഷമിട്ടത്. തന്റെ പുരസ്‌കാര തിളക്കത്തിന്റെ നേട്ടം സിനിമയിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണ് എന്നാണ് അവാർഡ് കിട്ടിയതിൽ രേവതി പ്രതികരിച്ചത്.
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
കാറ്റത്തെക്കിളിക്കൂട് മുതല്‍ ഭൂതകാലം വരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ സ്വന്തമായൊരു സ്ഥാനം രേവതി നേടിയെടുത്തു. ‘കിലുക്ക’ത്തിലെ നന്ദിനിയും, ‘ദേവാസുര’ത്തിലെ ഭാനുമതിയും ‘പാഥേയ’ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ സിനിമ ലോകത്തിന് കാട്ടിത്തന്നു. ഇതിനു മുമ്പും നിരവധി തവണ മികച്ച നടിക്കുള്ള പുരസ്‌കാര സാധ്യതയുണ്ടായിരുന്നു. എന്നാൽ കടുത്ത മത്സരത്തിൽ പുരസ്‌കാരം സ്വന്തമായിരുന്നില്ല. അഭിനയത്തിന് പുറമേ സംവിധാന രംഗത്തും മികവ് തെളിയിച്ച നടിയാണ് രേവതി. ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: Revathy winning first kerala state awards for Bhoothakaalam