പുതിയ 75 സ്കൂള്‍ കെട്ടിടങ്ങൾ നാളെ നാടിന് സമർപ്പിക്കും

രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ‘നൂറുദിന കര്‍മ്മ പരിപാടിയുടെ’ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങൾ നാളെ നാടിന് സമർപ്പിക്കും. കിഫ്ബിയിൽ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിർമ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. മെയ് 30 വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ച ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കുട്ടികളെ ചേർക്കാൻ മടിച്ചിരുന്ന ഒരു കാലത്തു നിന്നും പൊതുവിദ്യാലയങ്ങൾ നാടിൻ്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം യാഥാർത്ഥ്യമായിരിക്കുന്നു.
പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറുകയാണ്. ഈ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങൾ കൂടി നാളെ നാടിനു സമർപ്പിക്കുകയാണ്.
കിഫ്ബിയിൽ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിർമ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ബാക്കി 35 സ്കൂൾ കെട്ടിടങ്ങൾ പ്ലാൻ ഫണ്ടും എം.എൽ.എ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിലേയ്ക്കുയരുന്നതോടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാൻ നമുക്ക് സാധിക്കും. ജനങ്ങൾക്ക് സർക്കാർ നൽകിയ ആ ഉറപ്പ് വിട്ടുവീഴ്ച കൂടാതെ പാലിക്കാൻ സാധിക്കുന്നു എന്നത് ഒരു വർഷം പൂർത്തിയാക്കുന്ന ഈ സന്ദർഭത്തിൽ അഭിമാനം പകരുന്ന നേട്ടമാണ്.
Story Highlights: 75 new school buildings will be inaugurated tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here