തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്; കൊട്ടിക്കലാശം തുടങ്ങി | Live

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് പര്യവസാനം കുറിച്ച് കൊട്ടിക്കലാശത്തിന് തുടക്കം. പരസ്യപ്രചാരണത്തിന് അവസാനമാകുമ്പോൾ എല്ലാ മുന്നണികളും ഒരു പ്രതീക്ഷയിലാണ്.
പാലാരിവട്ടം ജംഗ്ഷനിലാണ് എല്ലാ മുന്നണികളുടെയും പ്രചാരണം അവസാനിക്കുന്നത്. സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി മുന്നണികൾക്ക് നിശ്ചയിച്ചിട്ടുള്ള പോയിന്റിൽ മാത്രമേ കൊട്ടിക്കലാശം നടത്താനാകു. പരസ്യ പ്രചാരണം വൈകിട്ട് 6 മണിക്ക് അവസാനിക്കും.
ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് സമാപനം കുറിക്കുന്നത്. പി.സി ജോർജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകൾ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ.
അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ. സ്ഥാനാർത്ഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരുന്നു. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോൺഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്.
വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം ശ്രമിച്ചത്. ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നും കണക്കുകൂട്ടൽ.
ക്രൈസ്തവർക്കിടയിലെ മുസ്ലിംവിരുദ്ധ വികാരം മുതലെടുക്കാൻ പി.സി.ജോർജിന്റെ അറസ്റ്റിനെ ആയുധമാക്കിയതോടെ ബി.ജെ.പിക്കും വീര്യം കിട്ടി. പി.സി.ജോർജിന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേസമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികൾക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here