Advertisement

സിദ്ദു മൂസെവാലയുടെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ

May 30, 2022
Google News 1 minute Read

പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകക്കേസിലെ മുഖ്യ പ്രതി പിടിയിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് പൊലീസും ഉത്തരാഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾ തീർത്ഥാടകർക്കിടയിൽ ഒളിച്ചുകഴിയുകയായിരുന്നു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സംഭവത്തിൽ പഞ്ചാബ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സിദ്ദുവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ പറഞ്ഞു. സംഘർഷത്തിലേക്ക് കടക്കരുതെന്നും എല്ലാവരും ശാന്തരായിരിക്കണമെന്നും മൻ ട്വീറ്റ് ചെയ്തു. സംയമനം പാലിക്കണമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും അഭ്യർത്ഥിച്ചു.

അതേസമയം മരണത്തിന് ഉത്തരവാദികൾ എഎപിയാണെന്ന് ബിജെപി, കോൺഗ്രസ് ആരോപണങ്ങൾക്കിടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോൾഡി ബ്രാർ ഏറ്റെടുത്തതായാണ് വിവരം. ഗുണ്ടാതലവനായ ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയായ ഗോൾഡി ബ്രാറിയാണ് സിദ്ദു മൂസെവാലയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

പഞ്ചാബിലെ ജവഹർകേയിലെ മാൻസയിൽ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കുമ്പോൾ അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ സിദ്ദു ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അടുത്തിടെ മൂസെവാല ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിൻവലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാൻസ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സിദ്ദു മൂസെവാല എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകൾക്ക് തോറ്റിരുന്നു. തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമണത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസെവാലക്കെതിരെ നിരവധി കേസുകളുണ്ട്.

Story Highlights: sidhu moose wala custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here