Advertisement

ഉമ്മുൽഖുവൈനിലെ പഴകിത്തുരുമ്പിച്ച വിമാനം ഓർമ്മയാകുന്നു; പൊളിച്ചുമാറ്റുമെന്ന് അധികൃതർ

May 31, 2022
Google News 2 minutes Read
UAE

ഉമ്മുൽഖുവൈനിൽ ബറാക്കുട ബീച്ച് റിസോർട്ടിന് അടുത്ത് ഉപേക്ഷിക്കപ്പെട്ടിരുന്ന പഴകിത്തുരുമ്പിച്ച വിമാനം ഓർമ്മയാകുന്നു. ഉടൻതന്നെ വിമാനം ഇവിടെ നിന്ന് പൊളിച്ചുമാറ്റാനാണ് തീരുമാനം. ഈവിമാനം എങ്ങനെ ഇവിടെയെത്തി എന്നതിനെക്കുറിച്ച് ഒരുപാട് കഥകളുണ്ടെങ്കിലും കൃത്യമായ വസ്തുത ആർക്കുമറിയില്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ വിമാനം പൊളിച്ചുനീക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇല്യൂഷിൻ ഐ.എൽ 76 എന്ന പേരിലുള്ള റഷ്യൻ നിർമ്മിത വിമാനമാണിത്. 1971ൽ നിർമ്മിച്ച ഈ വിമാനത്തിന് 153 അടി നീളമാണുള്ളത്. സോവിയറ്റ് യൂനിയൻറെ തകർച്ചയോടെ ഇല്യൂഷിൻ ഐ.എൽ 76 വിൽപനയ്ക്ക് വെച്ചു. ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ സെസാണ് 90കളുടെ തുടക്കത്തിൽ വിമാനം വാങ്ങിയത്. എയർ സെസിന് കുപ്രസിദ്ധ ആയുധവ്യാപാരി വിക്ടർ ബൂട്ടുമായി ബന്ധമുണ്ട്.

Read Also: നേപ്പാളിൽ കാണാതായ വിമാനം കണ്ടെത്തി; താര എയർലൈൻസ് തകർന്നു വീണതെന്ന് സൂചന

വിമാനത്തിലൂടെ ആയുധം കടത്തി എന്ന കുറ്റത്തിന് വിക്ടർ ബൂട്ടിന് യു.എ.ഇ വിലക്കേർപെടുത്തിയിരുന്നു. പരിചയ സമ്പന്നനായ പൈലറ്റിന്റെ സേവനം ഉപയോഗപ്പെടുത്തി ഇയാൾ വിമാനം യു.എ.ഇയിൽ ഇറക്കാൻ ശ്രമം നടത്തി. വൻ തുക നൽകാമെന്ന ധാരണയിലാണ് പൈലറ്റ് വിമാനം പറത്താൻ തയാറായത്. എന്നാൽ പൈലറ്റ് എത്ര ശ്രമിച്ചിട്ടും വിമാനം ഉമ്മുൽഖുവൈനിൽ ഇറക്കാനേ സാധിച്ചുള്ളൂ. ഒമ്പതുവർഷം മുമ്പ് വിമാനം ഉമ്മുൽഖുവൈനിലെ ഹൈവേക്ക് സമീപത്തേയ്ക്ക് പറന്നിറങ്ങുന്ന വിഡിയോ യൂട്യൂബിൽ വന്നിരുന്നു.

2008ൽ വിക്ടർ ബൂട്ട് അമേരിക്കയിൽ വെച്ച് പൊലീസിന്റെ പിടിയിലായി. 25 വർഷം തടവിന് വിധിക്കപ്പെട്ട വിക്ടർ ബൂട്ട് ഇപ്പോൾ ജയിലിലാണ്. വിമാനം ഹോട്ടലാക്കി മാറ്റാൻ ഇടക്ക് ശ്രമം നടന്നിരുന്നുവെങ്കിലും അത് പ്രാവർത്തികമായില്ല.

Story Highlights: old plane in Umm al-Quwain will be demolished

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here