Advertisement

രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജന്‍ കാര്‍ മെഗാമേളയില്‍

June 1, 2022
Google News 2 minutes Read

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ഹൈഡ്രജന്‍ കാറിന്റെ പ്രദര്‍ശനം എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയവര്‍ക്ക് കൗതുകമായി. പരീക്ഷണാടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ ടൊയോട്ട മിറായ് കാറാണ് മേളയിലെത്തിയവരുടെ മനംകവര്‍ന്നത്. ഭാവിയുടെ ഇന്ധനമെന്ന് അറിയപ്പെടുന്ന ഹ്രൈഡജന്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പുള്ള പഠനങ്ങള്‍ക്കും പരീക്ഷണത്തിനും വേണ്ടിയാണ് വാഹനം കേരളത്തില്‍ എത്തിച്ചത്. ഏതാണ്ട് 54 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ വാഹനം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉപയോഗിക്കുന്നത്.

കാര്‍ബണ്‍ രഹിത ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ ഒരു തവണ ഇന്ധനം നിറച്ചാല്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. അഞ്ച് കിലോഗ്രാമാണ് ടാങ്ക് കപ്പാസിറ്റി. അഞ്ച് മിനിറ്റിനകം ഇന്ധനം നിറയ്ക്കാമെന്നതും പ്രത്യേകതയാണ്.വാഹനത്തിന്റെ മുന്‍വശത്തുള്ള ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്സിജനും ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും കൂട്ടിയോജിപ്പിച്ച് നിര്‍മ്മിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ രഹിത ഇന്ധനം ഉപയോഗിക്കുന്നതിനാല്‍ പരിസര മലിനീകരണവും തീരെ കുറവാണ്. ഇലക്ട്രിക് വാഹനങ്ങളുടെ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനത്തിന് KL – 01-CU-7610 എന്ന നമ്പരാണ് നല്‍കിയിരിക്കുന്നത്. വാഹനവകുപ്പിന്റെ സ്റ്റാളില്‍
ഹൈഡ്രജന്‍ കാറെത്തിയതോടെ സെല്‍ഫിയെടുക്കാനും ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കാനുമുള്ള തിരക്കിലാണ് സന്ദര്‍ശകര്‍.

ട്രാഫിക് ബോധവത്കരണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ (ജൂണ്‍ 01)സംഘടിപ്പിച്ച ഫ്ളാഷ് മോബും സന്ദര്‍ശകരുടെ ശ്രദ്ധനേടി. വാഹനമോടിക്കുമ്പോഴുണ്ടാകുന്ന വിവിധ കുറ്റകൃത്യങ്ങളെ തുറന്ന് കാട്ടുന്നതായിരുന്നു ഫ്ളാഷ് മോബ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.

Story Highlights: second hydrogen car in ente keralam mega fair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here