ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ രാജ്യത്ത് ‘പി എം ശ്രീ സ്കൂളുകൾ’ സ്ഥാപിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

രാജ്യത്ത് പി എം ശ്രീ സ്കൂളുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് പദ്ധതി പ്രഖ്യാപിച്ചത്. ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളുകൾ സ്ഥാപിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പരീക്ഷണ ശാലയായിരിക്കും ഈ സ്കൂളുകൾ എന്നും ധർമേന്ദ്ര പ്രധാൻ സൂചന നൽകി. ഗുജറാത്തിൽ നടന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
ഇന്ത്യ ഒരു വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള അടിത്തറ സ്‌കൂൾ വിദ്യാഭ്യാസമാണ്. ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് പൂർണ്ണമായും സജ്ജമായ ‘പിഎം ശ്രീ സ്‌കൂളുകൾ’ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
നമ്മുടെ പുതിയ തലമുറയെ 21-ാം നൂറ്റാണ്ടിലെ അറിവിൽ നിന്നും വൈദഗ്ധ്യത്തിൽ നിന്നും നമുക്ക് മാറ്റിനിർത്താൻ കഴിയില്ല. പിഎം ശ്രീ സ്കൂളുകളുടെ രൂപത്തിൽ ഒരു ഭാവി മാതൃക സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അടുത്ത 25 വർഷത്തിന് മുമ്പ് ആഗോള ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമായ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനാണ് ശ്രമം. നമ്മൾ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം. പരസ്പരം അനുഭവങ്ങളിൽ നിന്നും വിജയങ്ങളിൽ നിന്നും പഠിക്കുകയും പഠനം കൂടുതൽ ഊർജ്ജസ്വലമാക്കുകയും വേണം. മാത്രമല്ല ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Centre to set up PM Shri Schools to prepare students for future
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here