Advertisement

കെകെയുടെ മരണം: തകർന്ന കസേരകളും ഗേറ്റുകളും; നസറുൽ മഞ്ജ് ഓഡിറ്റോറിയത്തിന്റെ സ്ഥിതി വളരെ മോശം

June 2, 2022
Google News 2 minutes Read
kk nazrul mancha auditorium

കൊൽക്കത്തയിൽ ബോളിവുഡ് ഗായകൻ കെകെയുടെ അവസാന സംഗീത പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന ആരോപണം ശക്തമാവുകയാണ്. സംഗീത പരിപാടി നടന്ന നസറുൽ മഞ്ജ് ഓഡിറ്റോറിയത്തിലെ സാഹചര്യങ്ങൾ ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. (kk nazrul mancha auditorium)

2482 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് നസറുൽ മഞ്ജ്. എന്നാൽ, 7000ലധികം പേരാണ് കെകെയുടെ പരിപാടി നടക്കുമ്പോൾ ഉണ്ടായിരുന്നത്. ഉൾക്കൊള്ളാവുന്നതിലധികം ആളുകളുണ്ടായിരുന്നതിനാൽ 50ലധികം കസേരകളാണ് ഇവിടെ തകർന്നത്. വിഐപി ഗേറ്റ് ഉൾപ്പെടെ മൂന്ന് ഗേറ്റുകളും തകർന്നു. ഓഡിറ്റോറിയത്തിനകത്തുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങൾ ഒന്നുപോലും നിലവിലില്ല. അത് ജനങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിച്ചു എന്നാണ് ആരോപണം. മറ്റ് നിരവധി നാശനഷ്ടങ്ങളും ഇവിടെ ഉണ്ടായി.

Read Also: ‘അസ്വസ്ഥതയുണ്ടെങ്കില്‍ പറയണമായിരുന്നു, കെ കെയുടെ ഭാഗത്തും വീഴ്ചയുണ്ട്’; സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍

അതേസമയം, പരിപാടിയുടെ സംഘാടകരെ ന്യായീകരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് രംഗത്തെത്തിയിരുന്നു. കെകെയുടെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായെന്ന് തൃണമൂൽ കോൺഗ്രസ് എംപി ശാന്തനു സെൻ ട്വന്റിഫോറിനോട് പറഞ്ഞു. പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായെങ്കിൽ കെകെ അത് സംഘാടകരോട് പറയണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അസുഖമുണ്ടെങ്കിൽ മുൻകരുതൽ എടുക്കണമായിരുന്നു. കെകെ മരണപ്പെട്ടതിനാൽ താൻ കൂടുതൽ കുറ്റപ്പെടുത്തുന്നില്ലെന്നും സെൻ കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കിടെ സംഘാടകരോട് വിവിധ പ്രശ്‌നങ്ങൾ കെകെ പറയുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കലാകാരന്മാർ ഉണ്ടായിരുന്ന സ്റ്റേജിൽ ഉൾപ്പടെ സംഘാടകരുടെ ഭാഗത്തുള്ള നൂറോളം പേർ തിങ്ങിനിറഞ്ഞിരുന്നു. ഇവിടെ കടുത്ത ചൂടാണ് ആ സമയം അനുഭവപ്പെട്ടിരുന്നത്. എസി പ്രവർത്തിക്കാത്ത സാഹചര്യവുമുണ്ടായി. ഇടയ്ക്ക് വെച്ച് കറണ്ടും പോയി.

സൗകര്യക്കുറവ് മൂലം പരിപാടി ചുരുക്കാമെന്ന് പല തവണ കെകെ തന്നെ പറഞ്ഞിരുന്നു. അസ്വസ്ഥതകൾ തീവ്രമായതോടെ ഒരു പാട്ടുകൂടി പാടി അദ്ദേഹം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഗ്രീൻ റൂമിലെത്തുമ്പോൾ അവിടെ എസി പ്രവർത്തിച്ചിരുന്നില്ല. കൂടാതെ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനായി ഫയർ എസ്റ്റിങ്യൂഷർ ഉപയോഗിച്ചെന്നും അങ്ങനെ കാർബൺ ഡൈ ഓക്‌സൈഡ് വാതകം ശ്വസിക്കാനിടയായെന്നും ആരോപണമുണ്ട്.

Story Highlights: kk nazrul mancha auditorium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here