ക്യാപ്റ്റൻ നിലംപരിശായി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുധാകരൻ

തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെട്ടത്. വലിയ പരാജയം തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരോ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും എൽ.ഡി.എഫ് ഓരോ കാതം പിന്നിൽ പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മുമ്പുണ്ടായിരുന്ന രാഷ്ട്രീയചരിത്രങ്ങളെ തിരുത്തിക്കുറിച്ചാണ് മുഖ്യമന്ത്രി ഇത്രയും ദിവസം ക്യാമ്പ് ചെയ്ത് തൃക്കാക്കരയിൽ പ്രചാരണം നയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതികരിക്കണം. കെ റെയിൽ വേണ്ടെന്ന സന്ദേശമാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ധൂർത്താണ് തൃക്കാക്കരയിൽ എൽ.ഡി.എഫ് നടത്തിയത്. കള്ളവോട്ട് ഉൾപ്പടെ ചെയ്തുകൊണ്ട് വിജയിക്കാൻ ഇടതുമുന്നണി ശ്രമിച്ചു. ഇതിനായി കണ്ണൂരിൽ നിന്നും പ്രവർത്തകർ തൃക്കാക്കരയിലെത്തിയെന്നും കെ.സുധാകരൻ ആരോപിച്ചു.
Read Also: ‘മുണ്ടുടുത്ത മോദിക്കെതിരെ ജനങ്ങളുടെ വിധി’; തൃക്കാക്കര വിധിയിൽ ജയറാം രമേശ്
ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പ്രതികരിച്ചു . തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: K Sudhakaran on Thrikkakara election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here