വിജയം പി ടിക്ക് സമർപ്പിച്ച് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ഭർത്താവ് പിടി തോമസിനു സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി. നേതാക്കളെല്ലാവരും ചേർത്തുപിടിച്ചു. ഒരുമിച്ച് നേടിയ ഉജ്ജ്വല വിജയമാണ്. ഭരണത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഉമ തോമസ് പറഞ്ഞു.
“ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബൂത്തടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് നേടിയ ഉജ്ജ്വല വിജയം തന്നെ ആണ് ഇത്. വിജയം പിടിക്ക് സമർപ്പിക്കുന്നു. ആറ് വർഷക്കാലത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളാണ് ഈ വലിയ വിജയം സമ്മാനിച്ചത്. ജനഹിതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന സർകാരിനുള്ള വിധിയെഴുത്താണിത്. അപവാദ പ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. 100 ശതമാനം ആത്മാർത്ഥയതോടെ എന്നും തൃക്കാക്കരയ്ക്കൊപ്പമുണ്ടാവും.”- ഉമ തോമസ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാൻ മത്സരിക്കുമ്പോൾ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പിടി തോമസ് മത്സരിക്കുമ്പോൾ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോർഡുകളാണ് ഉമ തോമസ് തകർത്തിരിക്കുന്നത്.
Story Highlights: uma thomas pt thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here