മിൽമ എന്ന പേരുതന്നെ പ്രയാറിന്റെ സംഭാവനയാണ്; ചെന്നിത്തല

മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പ്രയാർ ഗോപാലകൃഷ്ണൻ്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ ഒന്നായ മിൽമയെ സംസ്ഥാനത്തിൻ്റെ അഭിമാന സ്ഥാപനമായി വളർത്തിയെടുത്തത് പ്രയാറായിരുന്നു. മിൽമ എന്ന പേരും മുന്നാക്ക വികസന കോർപറേഷന് സമുന്നതി എന്ന പേരും പ്രയാറിൻ്റെ സംഭാവനയാണ്.
രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹത്തിൻ്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ സാമാജികനായിരുന്നു.
ഇത് വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ചടയമംഗലം യു.ഡി.എഫിനൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തിന്റെ വികസന നായകൻ എന്ന പേര് പ്രയാറിന് സ്വന്തമാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും ചെന്നിത്തല അനുസ്മരിച്ചു.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചത്. 73 വയസായിരുന്നു. കെപിസിസി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മില്‍മ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചടയമംഗലത്തെ ഏക കോണ്‍ഗ്രസ് എംഎല്‍എ കൂടിയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍.
Story Highlights: Chennithala said about prayar Gopalakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here