ബൈക്ക് യാത്രികൻ പാലത്തിലെ കുഴിയിൽ വീണ് മരിച്ചത് ദൗർഭാഗ്യകരമായ സംഭവം; മന്ത്രി മുഹമ്മദ് റിയാസ്

തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചതിന്റെ ഭാഗമായി പാലം വിഭാഗം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എൻജിനീയർ, ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കർക്കശമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം വകുപ്പ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് എതിരെ തലോടൽ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.
Read Also: തൃപ്പൂണിത്തുറയിലെ ബൈക്ക് അപകടം; നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു
കൂടാതെ തൃപ്പുണിത്തറയിലെ പാലം അപകടത്തിൽ കരാറുകാർക്കെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്.
മാർക്കറ്റ് റോഡിൽ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. ഇന്നലെ പുലർച്ചെയാണ് പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിൻറെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിൻറെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Story Highlights: Biker dies after falling into bridge Minister Muhammad Riyaz facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here