പ്രവാചകനെതിരായ അപകീർത്തി പരാമർശം; അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഖത്തർ

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധമറിയിച്ച് ഖത്തർ. ഇന്ത്യൻ അംബാസിഡറെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറി. നുപുറിനെ പുറത്താക്കിയ ബിജെപി നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. സംഭവത്തിൽ ഇന്ത്യൻ സർക്കാർ പരസ്യമായി മാപ്പ് പറയുമെന്നും വിവാദ പരാമർശങ്ങളെ അപലപിച്ച് ഉടൻ പ്രസ്താവന പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഖത്തർ പ്രതിഷേധക്കുറിപ്പിൽ സൂചിപ്പിച്ചു. (bjp nupur sharma qatar)

ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവർ പിൻവലിച്ചു. തൻ്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു.
Read Also: ‘മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ല, പ്രസ്താവന പിൻവലിക്കുന്നു’; പ്രസ്താവനയുമായി നുപുർ ശർമ
ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.
Story Highlights: controversy bjp nupur sharma qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here