‘എണ്ണിനോക്കിയപ്പോള്‍ പണം തികഞ്ഞില്ല, അതുകണ്ട് സുനില്‍ ഷെട്ടി ഷര്‍ട്ട് വാങ്ങിത്തന്നു’; കണ്ണീരോടെ സല്‍മാന്‍ ഖാന്‍

ബോളിവുഡിന്റെ കിരീടം വയ്ക്കാത്ത രാജാക്കന്മാരില്‍ ഒരാളായ സല്‍മാന്‍ ഖാന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള കൗതുകമുണര്‍ത്തുന്ന കാര്യങ്ങള്‍ പലപ്പോഴും വാര്‍ത്തകളാകാറുണ്ട്. രാജകൊട്ടാരം പോലുള്ള സല്‍മാന്‍ ഖാന്റെ വസിതികളെക്കുറിച്ചുള്ള വിശേഷങ്ങളറിയാനും സല്‍മാന്റെ ആഢംബരകാറുകളുടെ പ്രത്യേകതകള്‍ മനസിലാക്കാനും താരം പങ്കെടുക്കുന്ന വലിയ പാര്‍ട്ടികളുടെ ചിത്രങ്ങള്‍ ആസ്വദിക്കാനും ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. എന്നാല്‍ ഇഷ്ടമുള്ള ഒരു ജോഡി വസ്ത്രം പോലും വാങ്ങാന്‍ പണം തികയാതിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്ന് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാന്റെ ആ നോവിക്കുന്ന അനുഭവത്തെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. (salman khan shares his experience when he had no money to buy clothes)
ഇഷ്ടമുള്ള ഒരു ജോഡി വസ്ത്രം വാങ്ങാന്‍ പണം തികയുമോ എന്ന് ഭയന്നിരുന്ന ഒരു സമയം തന്റെ ജീവിതത്തിലുണ്ടായിരുന്നെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. ‘സ്റ്റോണ്‍ വാഷ്ഡ് ജീന്‍സും ഷര്‍ട്ടും ഒരു കാലത്തെ വലിയ ട്രെന്‍ഡായിരുന്നു. എനിക്ക് അത് വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു കടയില്‍ കയറി ഇഷ്ടമുള്ള പാന്റും അതിന് യോജിക്കുന്ന ഷര്‍ട്ടും വാങ്ങി ബില്‍ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് കയ്യിലുള്ള പൈസ തികയില്ലെന്ന് മനസിലാക്കിയത്. മനസില്ലാ മനസോടെ പാന്റ് മാത്രമെടുത്ത് ഷര്‍ട്ട് കടയിലുപേക്ഷിച്ചു. ഒപ്പമുണ്ടായിരുന്ന സുനില്‍ ഷെട്ടി ഇതെല്ലാം മനസിലാക്കിയിരുന്നു. സുനില്‍ ആ ഷര്‍ട്ട് വാങ്ങുകയും എനിക്ക് അത് സമ്മാനമായി നല്‍കുകയും ചെയ്തു’. തന്റെ മനസിനെ പിടിച്ചുലച്ച സംഭവം കണ്ണീരോടെ സല്‍മാന്‍ ഖാന്‍ വിവരിക്കുന്നത് ഇങ്ങനെ.
അനുഭവം പങ്കുവയ്ക്കുന്ന സല്‍മാന്‍ ഖാന്റെ വിഡിയോ വ്യാപകമായി പങ്കുവയ്ക്കുകയാണ് ആരാധകര്‍. ബീയിംഗ് സല്‍മാന്‍ ഫാന്‍സ് ക്ലബിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്.
Story Highlights: salman khan shares his experience when he had no money to buy clothes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here