‘എന്നെ കുറിച്ചുള്ള അശ്ലീല മാസിക എന്റെ മുന്നിൽ വച്ച് തന്നെ വിറ്റിട്ടുണ്ട്’; തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബീനാ ആന്റണി

‘എന്റെയത്ര അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല’- ഫഌവേഴ്‌സ് ഒരു കോടിയിൽ താൻ കടന്ന് വന്ന ദുരനുഭവങ്ങളെ കുറിച്ച് പറയുന്നതിനിടെ നടി ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ഇത്. തന്റെയും അമ്മയുടേയും മുന്നിൽ വച്ച് തന്നെ കുറിച്ചെഴുതിയ അശ്ലീല മാസിക വിറ്റഴിച്ചതിനെ കുറിച്ചും ബീന ആന്റണി പറഞ്ഞു. ( beena antony about fake stories about her )
ഒരു കവർ സ്റ്റോറിയായാണ് ബീനാ ആന്റണിയെ കുറിച്ച് അശ്ലീല മാസികയിൽ വന്നത്. ഒരിക്കൽ ട്രെയിനിലെ എ.സി കമ്പാർട്ട്‌മെന്റിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ബീന ആന്റണി. അന്ന് ട്രെയ്‌നിൽ മാസിക വിൽക്കുന്ന വ്യക്തി ബീനാ ആന്റണിയുടെ മുന്നിൽ വച്ച് ബീനയെ കുറിച്ചുള്ള അശ്ലീല മാസിക വിറ്റതിനെ കുറിച്ചും പരിപാടിയിൽ ബീന ആന്റണി പങ്കുവച്ചു.
‘ഒരു അന്തസുള്ള കുടുംബത്തിന്റെ ടേബിളിൽ വയ്ക്കുന്ന മാസികയാണോ അത് ? അന്തസുള്ള വ്യക്തി അത് വാങ്ങുമോ ? ഇല്ല. തെരുവിൽ പട്ടി കുരയ്ക്കുന്നതിനെ ഞാനെന്തിന് കാര്യമാക്കണം ? ഈ സംഭവത്തിൽ മാനസികമായി ഞാൻ തളർന്ന് പോയെങ്കിലും ദൈവം എന്നെ തളർത്തിയില്ല. അതിന് ശേഷവും ഒരുപാട് അവസരങ്ങൾ എന്നെ തേടി വന്നു’- ബീന ആന്റണി പറയുന്നു.
എന്നാൽ താൻ അതിൽ പ്രതികരണത്തിനൊന്നും നിന്നിട്ടില്ലെന്ന് ബീന പറഞ്ഞു. ആ സമയത്ത് തന്റെ കുടുംബത്തിനും മാനസിക സംഘർഷങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. തന്റെ സഹോദരിയെ കോളജിൽ ഒരുപാട് പേർ പരിഹസിച്ചതും മറ്റും ബീന ആന്റണി ഓർത്തു.
ബീന ആന്റണി എന്ന പേരിൽ മറ്റൊരു നടി ഉണ്ടായിരുന്നു. അവർ ഒരിക്കൽ ഒരു ലുങ്കിയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചു. ആ സമയത്ത് തന്നെ ലുങ്കിയും ബ്ലൗസും തോർത്തും ധരിച്ച് അന്നാ അലൂമിനിയത്തിന്റെ പരസ്യത്തിൽ ബീനാ ആന്റണിയും വേഷമിട്ടിരുന്നു. ഇത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയായി. ലുങ്കിയുടെ പരസ്യത്തിൽ അഭിനയിച്ചത് താനാണെന്നും, താൻ തന്നെയാണ് മറ്റെന്തോ കേസിൽ പെട്ടതെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു. അശ്ലീല മാസികയിലെല്ലാം ഇത്തരം ഇല്ലാ കഥകൾ വന്നു.
Read Also: മായാ മൗഷ്മി അഭിനയം നിർത്താൻ കാരണം എന്ത് ? തുറന്ന് പറഞ്ഞ് താരം
ബീനയെ കല്യാണം കഴിക്കേണ്ടെന്ന തരത്തിൽ ഭർത്താവ് മനുവിനും കത്തുകൾ ലഭിച്ചിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ വിവാഹം കഴിഞ്ഞതോടെ അത്തരം വിവാദങ്ങളൊന്നും വന്നില്ലെന്നും ബീന ആന്റണി പറഞ്ഞു.
Story Highlights: beena antony about fake stories about her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here