സിഗരറ്റ് വാങ്ങാൻ 10 രൂപ നൽകിയില്ല, കുട്ടിയെ 4 പേർ കുത്തിക്കൊന്നു

സിഗരറ്റ് വാങ്ങാൻ 10 രൂപ നൽകാത്തതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ 4 പേർ ചേർന്ന് കൊലപ്പെടുത്തി. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർബത്ത് ഏരിയയിൽ ഞായറാഴ്ചയാണ് സംഭവം. ബാബ ഫരീദ്പുരി സ്വദേശികളായ പ്രവീൺ(20), അജയ് (23), ജതിൻ (24), ആനന്ദ് പർവത്തിൽ താമസിക്കുന്ന സോനു കുമാർ(20) എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാംജാസ് സ്‌കൂളിന് സമീപം റോഡരികിൽ കിടക്കുന്ന കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അന്വേഷണത്തിൽ വയറിന്റെ മുകൾ ഭാഗത്ത് കുത്തേറ്റതായി കണ്ടെത്തി, ഇത് പിന്നീട് മരണത്തിലേക്ക് നയിച്ചു എന്നും പൊലീസ് പറഞ്ഞു. ആനന്ദ് പർവത്തിൽ താമസിക്കുന്ന വിജയ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യ വിവരം നൽകുന്നവരുടെയും സഹായത്തോടെയാണ് പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. ഞായറാഴ്ച സിഗരറ്റിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയതായി കമ്മീഷണർ അറിയിച്ചു. കുട്ടിയുടെ അയൽവാസി സോനു സിഗരറ്റ് വാങ്ങാൻ 10 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. കുട്ടി ഇത് നിരസിച്ചതിനെ തുടർന്ന് തർക്കം ആരംഭിച്ചു. തുടർന്ന് സോനുവും കൂട്ടാളികളും ചേർന്ന് കുട്ടിയെ കുത്തുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Minor killed for refusing to give Rs 10 for cigarette in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here