Advertisement

ചെരുപ്പ് പോലും ഇടാന്‍ സമ്മതിച്ചില്ല; വിജിലന്‍സ് തന്നെ ബലമായി കൊണ്ടുപോയെന്ന് പി.എസ്.സരിത്ത്

June 8, 2022
Google News 1 minute Read

വിജിലന്‍സ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ കേസില്‍ കസ്റ്റഡിയിലെടുത്ത പി.എസ്.സരിത്ത്. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ലൈഫ് മിഷനെക്കുറിച്ച് ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. സ്വപ്ന മൊഴി കൊടുത്തത് ആരുടെ നിര്‍ദേശപ്രകാരമെന്ന് ചോദിച്ചു. ചെരുപ്പിടാന്‍ പോലും അനുവദിച്ചില്ല. ബലപ്രയോഗം സിസിടിവി പരിശോധിച്ചാല്‍ മനസിലാകുമെന്നും സരിത്ത് പറഞ്ഞു. വിജിലന്‍സ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത് ( vigilance forcibly taken ps sarith ).

തന്നെ വലിച്ചിഴച്ചാണ് ഫ്‌ലാറ്റില്‍ നിന്ന് കൊണ്ടുപോയതെന്നും, തനിക്ക് ഇതിന് മുമ്പ് വിജിലന്‍സ് ഒരു നോട്ടീസും തന്നിട്ടില്ലെന്നും സരിത്ത് പറഞ്ഞു.

മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലന്‍സ് കൊണ്ടുപോയത്. സംഭവത്തില്‍ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയച്ചിരിക്കുന്നത്.

Read Also: ‘ദിസിസ് എ ഡേർട്ടി ഗെയിം’; വിജിലൻസിന് എന്തും കാണിക്കാനാകുമോ?… പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

രണ്ടരമണിക്കൂറോളം സരിത്തിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ലൈഫ് മിഷനെക്കുറിച്ചൊന്നും വിജിലന്‍സ് ഒന്നും തന്നോട് ചോദിച്ചിട്ടില്ലെന്നും, സ്വപ്ന ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടെന്നാണ് തന്നോട് ചോദിച്ചതെന്നും സരിത്ത് വ്യക്തമാക്കി. ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയത്. ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. തനിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പ് വിജിലന്‍സ് നോട്ടീസൊന്നും തന്നിട്ടില്ലെന്നും സരിത്ത് പറയുന്നു. ഈ മാസം 16-ാം തീയതി തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ സരിത്തിനോട് ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.

സരിത്തിനെ നിയമവിരുദ്ധമായി ഒരു സംഘം കസ്റ്റഡിയിലെടുത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് സരിത്തിന്റെ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. സരിത്തിന്റെ ബന്ധുക്കള്‍ കൊച്ചിയിലെ അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹര്‍ജി നാളെത്തന്നെ പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടാന്‍ ആലോചിച്ചിരുന്നു. സരിത്ത് എവിടെയാണെന്നറിയില്ല, ആരാണ് കൊണ്ടുപോയതെന്നറിയില്ല, മുന്നറിയിപ്പ് നല്‍കിയില്ല, തന്റെ മകന്റെ ജീവന് ഭീഷണിയുണ്ട്, അതിനാല്‍ത്തന്നെ മകനെ ഉടനടി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സരിത്തിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here