Advertisement

‘കേസ് നൽകിയത് പണത്തിനു വേണ്ടി ആയിരുന്നില്ല’; ഡെപ്പിന് ആംബറിന്റെ പണം വേണ്ടെന്ന് അഭിഭാഷകർ

June 9, 2022
Google News 2 minutes Read
Depp Amber Heard money

ആംബർ ഹേഡിൻ്റെ പണം തൻ്റെ കക്ഷിക്ക് വേണ്ടെന്ന് ജോണി ഡെപ്പിൻ്റെ അഭിഭാഷകരായ കാമിൽ വാസ്കസും ബെഞ്ചമിൻ ച്യൂവും. മാനനഷ്ടക്കേസ് നൽകിയത് ഒരിക്കലും പണത്തിനു വേണ്ടി ആയിരുന്നില്ലെന്ന് അവർ പറഞ്ഞു. ഗുഡ് മോണിംഗ് അമേരിക്ക എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അഭിഭാഷകർ ഡെപ്പിൻ്റെ നിലപാട് വ്യക്തമാക്കിയത്. (Depp Amber Heard money)

“കക്ഷിയും ഞങ്ങളും തമ്മിലുള്ള ചർച്ചകൾ പുറത്തുവിടാനാവില്ല. പക്ഷേ, ഡെപ്പ് പറഞ്ഞതു പ്രകാരം, ഇതൊരിക്കലും പണത്തിനു വേണ്ടി ആയിരുന്നില്ല. നഷ്ടമായ യശസ്സ് തിരികെ പിടിക്കുകയായിരുന്നു ലക്ഷ്യം. അതിനു സാധിച്ചു.”- അഭിഭാഷകർ വ്യക്തമാക്കി.

Read Also: ആംബറിനെതിരായ കേസ് വിജയം; ഡെപ്പ് ആഘോഷിച്ചത് ഇന്ത്യൻ റെസ്റ്റോറന്റിൽ: വിഡിയോ

ആംബർ ഹേർഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആംബറിന് ജോണി ഡെപ്പ് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഈ വ്യത്യാസവും മറ്റ് ചില കാര്യങ്ങളും ഉൾപ്പെടുത്തി ഹേഡ് നൽകേണ്ടത് 10.35 മില്ല്യൺ ഡോളറായിരുന്നു. എന്നാൽ, ഒരു കാരണവശാലും ഹേഡിന് ഈ തുക നൽകാനാവില്ലെന്ന് അവരുടെ അഭിഭാഷക അറിയിച്ചു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേഡും പ്രതികരിച്ചു.

2015ലാണ് ആംബറും ജോണിയും വിവാഹിതരായത്. രണ്ട് വർഷങ്ങൾക്കു ശേഷം ഇവർ വിവാഹമോചിതരായി. 2018ൽ താൻ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആംബർ വെളിപ്പെടുത്തി. വാഷിം​ഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേർഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ​ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേർഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ ആംബർ ഹേർഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേർഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. തുടർന്നായിരുന്നു ആഴ്ചകൾ നീണ്ട വാദം.

Story Highlights: Johnny Depp Amber Heard money update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here