തിരുവനന്തപുരം പനവിളയില്‍ ഫ്‌ലാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ രക്ഷപെടുത്തി

തിരുവനന്തപുരം പനവിളയില്‍ ഫ്‌ലാറ്റ് നിര്‍മാണത്തിനിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേന രക്ഷിച്ചു. അസം സ്വദേശി രാഹുലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലും, ദീപക് ധര്‍മ്മന്‍ എന്ന മറ്റൊരു തൊഴിലാളിയും ഫ്‌ലാറ്റിന് സമീപത്തെ തൊഴിലാളി ലയത്തില്‍ പാചകം ചെയ്യവേ മണ്ണിടിയുകയായിരുന്നു ( Landslide flat construction Panavila ).
തിരുവനന്തപുരം പനവിളക്ക് സമീപം ഫ്‌ലാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു വരികയാണ്. 75 തൊഴിലാളികള്‍ ഉണ്ട്. അതില്‍ രണ്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.05 -ഓടുകൂടി ഫ്‌ലാറ്റിന് സമീപത്തെ തൊഴിലാളി ലയത്തിന്റെ പകുതി ഭാഗം ഇടിഞ്ഞുതാണു. ലയത്തില്‍ പാചകം ചെയ്തുകൊണ്ടിരുന്ന രണ്ട് തൊഴിലാളികളും മണ്ണിനടിയിലായി.
പാഞ്ഞെത്തിയ അഗ്‌നിശമന സേന ദീപക് ധര്‍മ്മന്‍ എന്ന പശ്ചിമബംഗാള്‍ സ്വദേശിയെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രക്ഷിച്ചു. നിസാര പരുക്കുകളോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ രാഹുല്‍ എന്ന അസം സ്വദേശി കോണ്‍ഗ്രീറ്റ് സ്ലാബിനടിയിലായി. ഫയര്‍ ഫോഴ്‌സിന്റെ ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ ആകാത്ത സാഹചര്യം. ഒരു മണ്‍വെട്ടി ഉപയോഗിച്ചാല്‍ പോലും മുകളില്‍ നിന്ന് മണ്ണ് ഇടിയും. ഒടുവില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കൈ കൊണ്ട് മണ്ണ് വാരി. സുരക്ഷക്ക് ഉപയോഗിക്കുന്ന തൊപ്പികൊണ്ട് അത് നീക്കം ചെയ്തു. ഇതിനിടെ പലതവണ തൊഴിലാളി ഉച്ചത്തില്‍ നിലവിളിച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കഠിന പരിശ്രമത്തിന് ഒടുവില്‍ അഗ്‌നിശമന സേന രാഹുലിനെ ജീവനോടെ പുറത്തെടുത്തു.
തൊഴിലാളിയുടെ കാലിനും കൈക്കും പരുക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അഗ്‌നിശമന സേനയും തിരുവനന്തപുരം നഗരസഭയും അറിയിച്ചു.
Story Highlights: Landslide during flat construction at Panavila, Thiruvananthapuram; Two workers were rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here