Advertisement

FIFA World Cup 2022: മെസിക്ക് നേടണം ഈ ലോക കിരീടം

June 14, 2022
2 minutes Read
Messi wants to win this world title
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എത്ര കേട്ടാലും മടുക്കാത്ത വീണ്ടും കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ചിലതുണ്ട്. ഈ ലോകത്ത് എത്ര കണ്ടാലും വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കണമെന്ന് തോന്നുന്ന ചിലതുമുണ്ട്. എത്രയനുഭവിച്ചാലും വീണ്ടും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി അനുഭവവേദ്യമാക്കണമെന്ന് തോന്നുന്ന ചിലതും. ഈ ലോകത്തെ ഒരു ചെറിയ പന്തിന്റെ ചുറ്റും ഒന്നായി നിര്‍ത്തുന്ന അര്‍ജന്റീനക്കാരന്‍ മെസിയുടെ കാര്യത്തില്‍ ഇതെല്ലാം ശരിയാണ്. വീണ്ടും വീണ്ടും ആസ്വാദനത്തിന്റെ ഉന്നതിയിലേക്ക് ഫുട്‌ബോള്‍ കളിയാസ്വാദകരെ നയിക്കുന്ന മെസിയെ കുറിച്ച് എഴുതിയാലും പറഞ്ഞാലും തീരാത്തത്രയുണ്ട്. മറ്റൊരാള്‍ക്കും ആരാധക ലോകം നല്‍കാത്തത്ര ഉന്നതമായ ഫുട്‌ബോള്‍ ഇരിപ്പിടമാണ് മെസിയ്ക്കായി ആരാധകര്‍ അവരുടെ ഹൃദയത്തിലൊരുക്കിയിട്ടുള്ളത്. അവന്‍ പന്തുകൊണ്ട് ലോകത്തെ ഒന്നായി ചേര്‍ത്ത് നിര്‍ത്തി ആനന്ദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ് ( Messi wants to win this world title ).

പ്രതിസന്ധികളുടെ ഭൂതകാലത്തെ തരണം ചെയ്തത് തന്നെയാണ് മെസി ഫുട്‌ബോളിന്റെ മിശിഹയായത്. മിശിഹയായവന്‍ കരിയറില്‍ പലകുറി ക്രൂശിതന്റെ മുള്‍ കിരീടമണിയുകയും ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ ശീലമാക്കുകയും. അത്തര്‍ മണമുള്ള പ്രതീക്ഷയുടെ മറുപേരെന്ന് വിളിപ്പേരുള്ള ഖത്തറിന്റെ മണ്ണില്‍ ലോക ഫുട്‌ബോളിന്റെ ആഘോഷങ്ങളുടെ ഏറ്റവും അവസാന വാക്കായ ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കമാകുമ്പോള്‍ അത് മെസിക്ക് തന്റെ കളി മികവിനെ കിരീട വിജയം കൊണ്ടളക്കുന്ന വിരോധികള്‍ക്കുള്ള മറുപടി കൂടിയാകണം.

2021 കോപ്പ മേരിക്കയിലെ കിരീട വിജയം ക്ലബ് ഫുട്‌ബോളില്‍ മാത്രം തിളങ്ങുന്നവനെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ബ്രസീലിന്റെ മികവിനെ മെസിക്കൊപ്പം നിന്ന് അര്‍ജന്റീന മറികടന്ന് കിരീടം നേടുമ്പോള്‍ നേടുമ്പോള്‍ മെസ്സിയുടെ ആനന്ദ കോപ്പയാവുകയായിരുന്നു അത്. വന്‍കരയുടെ പോരാട്ട വീര്യമളന്ന ഫൈനലിസ്മ പോരാട്ടത്തില്‍ കളിയിലൊരു നിമിഷവും ഇറ്റലിക്കെ മുന്‍തൂക്കം നല്‍കാതെ അര്‍ജന്റീന കിരീടത്തിലെത്തിയപ്പോള്‍ അത് മെസിയുടെ കിരീട നേട്ടത്തിലെ മറ്റൊരു പൊന്‍ തൂവാലാവുക എന്നതിനപ്പുറം അനിര്‍വചനീയമായ കളിയഴകിന്റെ തമ്പുരാനെ ഒരിക്കല്‍ കൂടി ഫുട്‌ബോള്‍ ആകാശത്ത് പ്രീതിഷ്ഠിക്കപ്പെടുകയുമായിരുന്നു.

തന്നെ താനാക്കിയ ബാഴ്‌സയുടെ മൈതാനം വിട്ട് പിഎസ്ജിയുടെ താര സമ്പന്നമായ നിരയുടെ ഭാഗമായ മെസി, തന്റെ മികവിന്റെ പൂര്‍ണതയിലേക്ക് പിഎസ്ജിയില്‍ ഉയര്‍ന്നിട്ടില്ല എന്ന യാഥാര്‍ഥ്യം നിലനിക്കുമ്പോള്‍ അവന് ഖത്തര്‍ കിരീട ധാരണമല്ലാതെ മറ്റൊന്നും ചിന്തിക്കാനാകില്ല. മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ കരിയറിന് പൂര്‍ണത കൈവരാന്‍ ഒരു ലോക കിരീടത്തിന്റെ ആവശ്യമില്ല. പക്ഷെ അതുല്യമായ കളി മികവിന്റെ ഫുട്‌ബോള്‍ മിശിഹായുടെ കൈയില്‍ ലോക കിരീടം ഉയര്‍ന്ന് നില്‍ക്കുന്നത് കാണാന്‍ ഫുട്‌ബോളിന്റെ മാതൃകയില്‍ ഹൃദയമുള്ള, ഫുട്‌ബോളിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ആരാധക കൂട്ടത്തിനാഗ്രഹമുണ്ട്.

ദേശീയ കുപ്പായത്തിലെ കിരീട വരള്‍ച്ച കോപ്പയുടെ മറികടന്നവന് 2014 ലെ ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ ഒറ്റക്ക് തോളിലേറ്റി ഫൈനലിലെ തോല്‍വിയില്‍ കണ്ണീരിലാഴ്ന്ന് പോയവന്, മറഡോണയെന്ന് അതികായന്‍ അര്‍ജന്റീനയ്ക്ക് നേടിക്കൊടുത്ത ലോക കിരീടം ഖത്തറിന്റെ മണ്ണില്‍ ഉയര്‍ത്തനായാല്‍ കിരീടങ്ങള്‍ കൊണ്ട് പൂര്‍ണവും സുന്ദരവുമായ കരിയറവസാനമാകുമെന്നുറപ്പാണ്.

ഇനിയൊരു ലോകകപ്പ് മെസിയുടെ മുന്നിലില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. ലോക പോരാട്ട വേദയില്‍ അവന്റെ സുന്ദര നീക്കങ്ങള്‍ കാണാനാകുകയേ ഇല്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി തല താഴ്ത്തി മടങ്ങുന്ന മെസിയെ കാണാന്‍ ലോകം ആഗ്രഹിക്കുന്നില്ല. സഹ താരങ്ങള്‍ അവനീ ലോകകപ്പ് നേടി കൊടുക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടാകും. കാരണം അതിനപ്പുറം ലോക ഫുട്‌ബോളിന്റെ മറുപേരിന് അവരെന്ത് സമ്മാനിക്കും.

തന്റെ ഗോള്‍ നേട്ടങ്ങളുടെ കൂട്ടത്തില്‍ ഇനിയെത്ര ഗോളുകള്‍ ചേര്‍ക്കപ്പെട്ടാലും, മറ്റാര്‍ക്കും സാധ്യമല്ല എന്ന തോന്നലുണ്ടാക്കി അവന്‍ നല്‍കുന്ന സുന്ദരമായ അസിസ്റ്റുകളുടെ കൂട്ടത്തില്‍ എത്ര കൂട്ടി ചേര്‍ക്കപ്പെട്ടാലും, ലീഗ് കിരീടങ്ങളോ ചാമ്പ്യന്‍സ് ലീഗോ മറ്റൊരു കൊപ്പയോ കൂടി നേടിയാലും ലോക കിരീടത്തോളം വരില്ലെന്ന് മെസിക്ക് നന്നായി അറിയാം..

അവന്‍ സ്വയം മറന്ന് പോരാടുമെന്നുറപ്പാണ്. അത് ഖത്തര്‍ ലോകകപ്പിലെ ഏറ്റവും നിറമുള്ള കാഴ്ച്ചയാകുമെന്നുമുറപ്പാണ്. കാത്തിരിക്കാം, മെസി മെസി എന്ന് ആര്‍ത്ത് വിളിക്കുന്നവരുടെ ഇടയിലൂടെ അവന്‍ ലോക കിരീടം ഏറ്റുവാങ്ങാന്‍ നടന്നടുക്കുന്നത് തെല്ല് കണ്ണീരുതിര്‍ത്ത് തിളങ്ങുന്ന കണ്ണുമായി അവന്‍ സുന്ദരമായ ആ കിരീടം വെള്ളയും നീലയും കലര്‍ന്ന ജേഴ്‌സിയില്‍ ഹൃദയത്തോടെ ചേര്‍ത്ത് പിടിക്കുന്നത് കാണാന്‍.

Story Highlights: FIFA World Cup 2022; Messi wants to win this world title

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement