ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…

ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം. 2021ൽ ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആഡംബര കാർ ബ്രാൻഡായ മെഴ്സിഡീസ് ഏറ്റവും കൂടുതൽ വിറ്റുപോയ സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഒമാനാണ് മുന്നിൽ നിൽക്കുന്നത്. ഒമാനിൽ 560 മെഴ്സിഡീസ് ബെൻസാണ് വിറ്റുപോയതെങ്കിൽ കേരളത്തിൽ 520 എണ്ണമാണ് വിറ്റത്. ഏതാനും വർഷങ്ങളിലെ ശരാശരി കണക്ക് പരിശോധിക്കുകയാണെങ്കിൽ കേരളം ഒമാനെക്കാൾ ഏറെ മുന്നിൽപ്പോകാനുള്ള സാധ്യതയും ഉണ്ട്. ആയിരത്തിനടുത്തു വരെ മെഴ്സിഡീസ് കാർ കേരളത്തിൽ ചില വർഷങ്ങളിൽ വിറ്റുപോയിട്ടുണ്ട്. സമ്പന്ന രാജ്യമായ ഒമാൻ മുന്നിലുണ്ടെങ്കിലും വില്പനയുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല കേരളം.
കൊവിഡ് പ്രതിസന്ധി വിൽപ്പനയെ ബാധിച്ചിരുന്നെങ്കിലും വീണ്ടും പഴയ നിലയിലേക്ക് മടങ്ങുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. വർഷ കണക്ക് പരിശോധിക്കുകയാണെങ്കിൽ 2000 ത്തോളം ആഡംബര കാറുകൾ സംസ്ഥാനത്ത് വിറ്റുപോയിട്ടുണ്ട്. കാറുകളുടെ വില നോക്കിയാൽ ഗൾഫ് വിപണിക്കു തന്നെയാണു മുൻതൂക്കമെങ്കിലും എണ്ണത്തിന്റെ കാര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെക്കാൾ മുന്നിലാണ് ഇന്ത്യൻ ആഡംബര കാർ വിപണി.
ഗൾഫ് രാജ്യങ്ങളിലാണെങ്കിലും കേരളത്തിലാണെങ്കിലും മെഴ്സിഡീസ്, ബിഎംഡബ്ല്യു, ഔഡി എന്നീ ജർമൻ കമ്പനികൾ തന്നെയാണ് ആഡംബര വിപണിയിൽ മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 500 ബിഎംഡബ്ല്യു കാറാണു വിറ്റുപോയത്. എന്നാൽ സൂപ്പർ പ്രീമിയം ബ്രാൻഡുകളായ ഫെറാറി, ബെന്റ്ലി, റോൾസ് റോയ്സ്, ലംബോർഗിനി തുടങ്ങിയവയ്ക്കു കേരളത്തിലെക്കാൾ വിൽപന ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലാണ് ഉള്ളത്. വിവാഹ സമ്മാനമായി ആഡംബര കാറുകൾ നൽകുന്നതും കേരളത്തിൽത്തന്നെ ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ കൂടുതലായി കാർ വാങ്ങാനെത്തുന്നതുമാണ് വിപണിയെ ഉണർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. കോർപറേറ്റ് എക്സിക്യൂട്ടിവുകളും പ്രഫഷനലുകളും ആഡംബര കാറുകൾക്കാണ് മുൻഗണന നൽകുന്നത്.
Story Highlights: Kerala at par with rich nations in luxury car sales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here