വ്യോമസേനയിൽ ചേരാൻ കൊതിച്ചു, എത്തിപ്പെട്ടത് ബോളിവുഡിൽ; സുശാന്ത് വിട പറഞ്ഞിട്ട് രണ്ട് വർഷം

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ ഓർമദിനമാണിന്ന്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. ( sushant singh life story )
ബിഹാർ സ്റ്റേറ്റ് ഹാൻഡ്‌ലൂം കോർപറേഷനിലെ ടെക്‌നിക്കൽ ഓഫിസറായ കൃഷ്ണ കുമാർ സിംഗിന്റേയും ഭാര്യ ഉഷാ സിംഗിന്റേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു സുശാന്ത്. ഗുൽഷനെന്നായിരുന്നു സുശാന്തിന്റെ വിളിപ്പേര്.
ആസ്‌ട്രോഫിസിക്‌സിൽ അതീവ താത്പര്യമുണ്ടായിരുന്ന സുശാന്ത് ഫിസിക്‌സിലെ നാഷ്ണൽ ഒളിമ്പ്യാഡിലെ വിജയിയാണ്. ബഹിരാകാശ യാത്രികനാകാനും തുടർന്ന് എയർ ഫോഴ്‌സ് പൈലറ്റാകാനും കൊതിച്ചിരുന്ന സുശാന്ത് കുടുംബത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാലയിൽ എഞ്ചിനിയറിംഗിന് ചേരുന്നത്.
ഷാറുഖ് ഖാന്റെ കടുത്ത ആരാധകനായിരുന്ന സുശാന്ത് ബോളിവുഡിൽ എത്തിച്ചേരുകയായിരുന്നു. നെപ്പോട്ടിസം അടക്കി വാഴുന്ന ബോളിവുഡിൽ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള സാധാരണക്കാർക്കും എത്തിച്ചേരാൻ സാധിക്കുമെന്നും സ്വപ്രയത്‌നത്താൽ സ്വന്തം ഇടം കണ്ടെത്താനാകുമെന്നും തെളിയിച്ച വ്യക്തിയാണ് സുശാന്ത്.
ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് കലാരംഗത്ത് ശ്രദ്ധേയനായത്. പവിത്ര രിഷ്ത എന്ന പരമ്പര സുശാന്തിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ‘ഝലക് ദിഖ്‌ലാ ജാ’ എന്നൊരു ഡാൻസ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു.
പവിത്ര രിഷ്തയിലെ നായികയായിരുന്ന അങ്കിതയുമായി സുശാന്ത് ആറ് വർഷത്തോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. 2019 ലാണ് റിയാ ചക്രബർത്തിയുമായി സുശാന്ത് പ്രണയത്തിലാകുന്നത്. ഇതിനിടെ ക്രിതി സനോൺ, സാറാ അലി ഖാൻ എന്നീ പേരുകളും സുശാന്തിനൊപ്പം ചേർത്ത് കേട്ടിരുന്നു.
കൈപോ ചെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. ശുദ്ധ് ദേശി റൊമാൻസ്, ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി.
Read Also: വാഹനാപകടത്തിൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ 5 ബന്ധുക്കൾ കൊല്ലപ്പെട്ടു
എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചത് സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ,പികെ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞു. ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമായ കഥാപാത്രങ്ങൾ. ചെയ്തുതീർക്കാൻ നിരവധി വേഷങ്ങൾ ബാക്കിവച്ചാണ് സുശാന്ത് സിംഗ് വിടവാങ്ങിയത്.
Story Highlights: sushant singh life story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here