ഡൽഹിയിലെ സംഘർഷം; എഐസിസി ഓഫീസിൽ അടിയന്തര യോഗം ചേരുമെന്ന് കെസി വേണുഗോപാൽ

രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിനെ പ്രവർത്തിക്കാൻ പോലും അനുവദിക്കാത്ത തരത്തിലാണ് സർക്കാരിന്റെ സമീപനമെന്ന് കെസി വേണുഗോപാൽ എംപി. അടിയന്തരമായി എഐസിസി ഓഫീസിൽ യോഗം ചേരാൻ പോവുകയാണ്. ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെയാണ് കോൺഗ്രസിനെ അടിച്ചമർത്തുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും സമരം നടക്കുന്നുണ്ട്. നേതാക്കളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ പോയാൽ ഇതിലും വലിയ പ്രതിഷേധം സർക്കാർ കാണേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ല. നേതാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയാണ്. രാഹുൽ ഗാന്ധി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ല. ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകും. വീട്ടിൽ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്, ഇ ഡി ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ ജോലിയാണ് ചെയ്യുന്നത്. എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും. ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ല, ഒരാള് പോലും പണം കൈപ്പറ്റിയിട്ടില്ലെന്നും കെസി പറഞ്ഞു.
Read Also:പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു; സംസാരിക്കാൻ പോലും കഴിയുന്നില്ലെന്ന് ജെബി മേത്തർ
ഡൽഹിയിൽ കോൺഗ്രസിന്റെ ഇഡി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞതിനെതിരെ പ്രതിഷേധം തുടരുകയാണ്. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്താണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എം.പി പറഞ്ഞു.
പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാൻ പോലും കഴിയുന്നില്ല. വനിതാ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉൾപ്പടെ വളരെ മോശമായാണ് പൊലീസ് കൈകാര്യം ചെയ്തത്. ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കും. ഇവിടത്തെ ജയിലുകൾ കോൺഗ്രസുകാരെക്കൊണ്ട് നിറയും. എം.പിയെന്ന പരിഗണന പോലും നൽകാതെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവരെ വാശിയോടെയാണ് കേന്ദ്രസർക്കാർ കാണുന്നത് – ജെബി മേത്തർ എം.പി വ്യക്തമാക്കി.
Story Highlights: Conflict in Delhi; KC VenuGopal says immediate meeting will be held at AICC office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here