‘ബി.ജെ.പി ഓഫീസുകളിൽ അഗ്‌നിവീറുകളെ സെക്യൂരിറ്റി ജോലിക്ക് നിയമിക്കും’; വിവാദ പരാമർശവുമായി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

അഗ്നിപഥ് വിഷയത്തിൽ വിവാദ പരാമർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ബിജെപി ഓഫീസുകളിൽ സെക്യൂരിറ്റി ജോലിക്ക് അഗ്നിവീറിന് മുൻഗണന നൽകുമെന്ന് കൈലാഷ് വിജയവർഗിയ പറഞ്ഞു. രാജ്യവ്യാപകമായി ‘അഗ്‌നിപഥ്’ വിരുദ്ധ പ്രതിഷേധം കൊടുമ്പിരികൊള്ളുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം.(kailash vijayvargiya controversy aganst agniveer)
മധ്യപ്രദേശിലെ ഇൻഡോറിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൈലാഷ് വിജയവാർഗിയ ഇക്കാര്യം വെളിപ്പെടുത്തിയത്. മികച്ച അച്ചടക്കവും അനുസരണയും ഉള്ളവരായിരിക്കും അഗ്‌നിവീറുകളെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലും ചൈനയിലും ഫ്രാൻസിലുമെല്ലാം കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. നമ്മുടെ സൈന്യത്തിൽ റിട്ടയർമെന്റ് പ്രായം കൂടുതലാണ്. അത് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും കൈലാഷ് വെളിപ്പെടുത്തി.
നെഞ്ചിൽ അഗ്‌നിവീർ എന്ന ബാഡ്‌ജോടെയായിരിക്കും അവർ സൈന്യത്തിൽനിന്ന് വിരമിക്കുക. പിന്നീട് ബി.ജെ.പി ഓഫീസിൽ സുരക്ഷാജീവനക്കാരുടെ ആവശ്യമുണ്ടെങ്കിൽ അഗ്‌നിവീറുമാർക്ക് മാത്രമായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈലാഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ യുവാക്കളെയും സൈനികരെയും ഇങ്ങനെ അപമാനിക്കരുതെന്ന് കെജ്രിവാൾ വിഡിയോ പങ്കുവച്ച് ട്വിറ്ററിൽ ആവശ്യപ്പെട്ടു.
Story Highlights: kailash vijayvargiya controversy aganst agniveer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here