‘ഋഷഭ് പന്ത് ഇതുവരെ ഒന്നും പഠിച്ചിട്ടില്ല’; കുറ്റപ്പെടുത്തി സുനിൽ ഗവാസ്കർ

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഓഫ് സ്റ്റമ്പിനു പുറത്ത് വൈഡായി വരുന്ന പന്തുകളിൽ കൂറ്റൻ ഷോട്ട് കളിക്കാനുള്ള മണ്ടൻ തീരുമാനം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഗവാസ്കർ പറഞ്ഞു. ഇത് അത്ര നല്ലതല്ലെന്നും ഗവാസ്കർ പറഞ്ഞു. (sunil gavaskar rishabh pant)
“അവൻ വന്ന് ബൗണ്ടറി ഷോട്ടുകൾ കളിക്കുമെന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 3-4 വർഷത്തിൽ അവൻ്റെ പ്രകടനം ശ്രദ്ധിച്ചതുകൊണ്ടാണ് അത്. ആളുകൾ അത് പ്രതീക്ഷിക്കും. അതുകൊണ്ട് തന്നെ അവിടെ നിരാശയുമുണ്ടാവും. ഉള്ളിലേക്ക് നോക്കുകയാണ് അവൻ ചെയ്യേണ്ടത്. ക്യാപ്റ്റൻസി വരുമ്പോൾ ചിലപ്പോഴൊക്കെ സ്വന്തം ഗെയിമിനെപ്പറ്റി ആളുകൾ മറന്നുപോകും. നിങ്ങൾ മറ്റുള്ളവരുടെ ഗെയിമിനെപ്പറ്റി ചിന്തിക്കും. അതുകൊണ്ട് തന്നെ നിങ്ങളിൽ ചില സാങ്കേതിക പിഴവുകളുണ്ടെന്ന് നിങ്ങൾ മറന്നുപോകും. അതാണ് അവൻ ഇരുന്ന് ചിന്തിക്കേണ്ടത്. അവൻ ഇതുവരെ ഒന്നും പഠിച്ചിട്ടില്ല. കഴിഞ്ഞ മത്സരങ്ങളിൽ പുറത്തായ രീതിയിൽ നിന്നൊന്നും അവൻ ഒന്നും പഠിച്ചില്ല. അവർ വൈഡായി പന്തെറിഞ്ഞു. അവൻ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചുകൊണ്ടുമിരുന്നു. ആ ഷോട്ടുകളിൽ പവർ കണ്ടെത്താൻ അവനു സാധിക്കുന്നില്ല. ഓഫ്സ്റ്റമ്പിനു പുറത്തായതിനാൽ കൂറ്റൻ ഷോട്ടുകൾ കളിക്കണമെന്ന ചിന്ത മാറ്റണം.”- ഗവാസ്കർ പറഞ്ഞു.
Read Also: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര മുതൽ ലോകകപ്പ് ടീമിൽ പരിഗണിക്കുന്നവരെ കളിപ്പിക്കും: സൗരവ് ഗാംഗുലി
4 മത്സരങ്ങളിൽ വെറും 57 റൺസാണ് താത്കാലിക ക്യാപ്റ്റനായ ഋഷഭ് പന്ത് നേടിയത്. 14.25 ശരാശരിയും 105.56 സ്ട്രൈക്ക് റേറ്റുമാണ് താരത്തിൻ്റെ സമ്പാദ്യം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുകയാണ്. പരമ്പരയിൽ ഇരുടീമും 2-2 എന്ന നിലയിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാന ടി-20 ക്ക് ഇറങ്ങുമ്പോൾ പരമ്പര വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. ബംഗളൂരുവിൽ രാത്രി ഏഴിനാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ആതിഥേയരായ ഇന്ത്യയുടെ വരവ്. ഇന്നത്തെ മത്സരത്തിൽ ടോസ് നിർണായകമാണ്. ടോസ് നേടുന്നവർ ആദ്യം ബൗൾചെയ്യാനാകും തീരുമാനിക്കുക.മധ്യനിരയിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും വേണ്ട രീതിയിലുള്ള പ്രകടനം കാഴ്‌ചവയ്ക്കാത്തത് ഒഴിച്ചാൽ ഇന്ത്യൻ ടീം പൂർണസജ്ജമാണ്.
Story Highlights: sunil gavaskar criticizes rishabh pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here