പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, പരിപാടികൾക്ക് കനത്ത സുരക്ഷ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ. ഇന്ന് ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഗ്നിപഥ് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പരിപാടികൾക്ക് എർപ്പെടുത്തിയിരിക്കുന്നത്.(pm modi’s two day events in karnataka)
രാജ്യത്തെ ആദ്യത്തെ പൂർണമായി ശീതീകരിച്ച റെയിൽവേ സ്റ്റേഷനായ ബായിപ്പനഹള്ളി സ്റ്റേഷന്റെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. കൊങ്കൺ റെയിൽവേയുടെ വൈദ്യുതിവത്കരണം നൂറ് ശതമാനം പൂർത്തിയാകുന്നതോട് അനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബെംഗ്ലൂരുവിലെ പുതിയ ടെക്നോളജി ഹബ്ബുകൾക്ക് തുടക്കം കുറിക്കും. ബെംഗ്ലൂരു സബർബൻ റെയിൽ പദ്ധതിക്കും തറക്കലിടും. അംബേദ്കർ യൂണിവേഴ്സിറ്റിയുടെ പുതിയ കോളജും മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്താരാഷ്ട്ര യോഗ ദിന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മൈസൂരുവിലേക്ക് തിരിക്കും.
ഇന്ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബെംഗളൂരു സന്ദർശിക്കും. അവിടെ അദ്ദേഹം സെന്റർ ഫോർ ബ്രെയിൻ റിസർച്ച് (സി.ബി.ആർ) ഉദ്ഘാടനം ചെയ്യുകയും ബാഗ്ചി-പാർത്ഥസാരഥി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടുകയും ചെയ്യും. ശേഷം ബെംഗളൂരുവിലെ ഡോ. ബി ആർ അംബേദ്കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് (ബേസ്) സന്ദർശിക്കും. ഇവിടെ പ്രധാനമന്ത്രി ബേസ് സർവകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും ഡോ. ബി ആർ അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും നിർവഹിക്കും. കർണാടകയിലെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ (ഐ.ടി.ഐ) രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.
അതിനുശേഷം മൂന്ന് മണിയോടെ പ്രധാനമന്ത്രി ബെംഗളൂരുവിലെ കൊമ്മഘട്ടയിൽ എത്തിച്ചേരും. ഇവിടെ 27000 കോടി രൂപ ചെലവു വരുന്ന വിവിധ റെയിൽ, റോഡ് പശ്ചാത്തലസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. തുടർന്ന് വൈകുന്നേരം മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ നാഗനഹള്ളി റെയിൽവേ സ്‌റ്റേഷനിൽ കോച്ചിംഗ് ടെർമിനലിന്റെ തറക്കല്ലിടുകയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (എ.ഐ.ഐ.എസ്.എച്ച്) ആശയവിനിമയ വൈകല്യമുള്ളവർക്കുള്ള (കമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്‌സ്) മികവിന്റെ കേന്ദ്രം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. അതിനുശേഷം, രാത്രി 7 മണിയോടെ പ്രധാനമന്ത്രി മൈസൂരുവിലെ ശ്രീ സുത്തൂർ മഠവും ഏകദേശം 7:45 ന് മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിക്കും.
Story Highlights: pm modi’s two day events in karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here