Advertisement

ആരാണ് ദ്രൗപദി മുര്‍മു ?… എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചറിയാം

June 21, 2022
Google News 1 minute Read
Who is Draupadi Murmu

വ്യക്തി ജീവിതത്തില്‍ ഉള്‍പ്പെടെ കഠിനായ വേദനകളേയും രാഷ്ട്രീയ പ്രതിരോധങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ പൗരയാകാന്‍ മത്സര രംഗത്തേക്കെത്തുന്നത്. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനെയും രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ട മുര്‍മു തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങള്‍ കണ്ടിട്ടുണ്ട്. ആ വേദനകളിലൊന്നും പതറാതെ തന്റെ ജീവിതം ഗോത്ര വര്‍ഗ ജനതയുടെ മുന്നേറ്റത്തിനും ഉന്നമനത്തിനും വേണ്ടി മാറ്റി വച്ച വനിതാ നേതാക്കളില്‍ പ്രമുഖയാണ് മുര്‍മു ( Who is Draupadi Murmu ).

അടുത്ത മാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ ബിജെപി തെരഞ്ഞെടുക്കുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. അഞ്ച് വര്‍ഷം മുമ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നിന്ന് പുറത്തുപോകാന്‍ ഒരുങ്ങിയപ്പോള്‍ ആദ്യം മത്സരാര്‍ത്ഥിയായി പരിഗണിച്ചതും ദ്രൗപദിയെ തന്നെയായിരുന്നു. എന്നാല്‍ കണക്കു കൂട്ടലുകള്‍ അല്‍പ്പമൊന്നു പിഴച്ചു. രാം നാഥ് കോവിന്ദിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബിജെപി നിര്‍ദേശിക്കുകയായിരുന്നു.

അക്കാലത്ത്, ഒഡീഷയിലെ ഗോത്രവര്‍ഗ നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമായിരുന്ന ദ്രൗപദിയുടെ പ്രവര്‍ത്തനം തന്നെയായിരുന്നു മോദിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ദ്രൗപദിയെ ഉള്‍പ്പെടുത്താനിടയാക്കിയത്. എന്നാല്‍ അന്ന് തനിക്ക് ലഭിക്കാതെ പോയ പ്രസിഡന്റ് പദവിയെ കുറിച്ച് പോലും ചിന്തിക്കാതെയുള്ള പ്രവര്‍ത്തനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും മുര്‍മു നടത്തിയത്. അത് തന്നെയാണ് ഇത്തവണ മുര്‍മുവിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പദവിയിലേക്ക് എത്തിച്ചത്.

Read Also: Draupadi Murmu: ദ്രൗപദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂര്‍ഭഞ്ചിലെ റൈരംഗ്പൂരില്‍ നിന്ന് (2000, 2009) ബിജെപി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. 2000ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2009-ല്‍ ബി.ജെ.ഡി ഉയര്‍ത്തിയ വെല്ലുവിളിക്കെതിരെ ബി.ജെ.പി പരാജയപ്പെട്ടപ്പോഴും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു.

എംഎല്‍എ ആകുന്നതിന് മുമ്പ്, 1997 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് റായ്രംഗ്പൂര്‍ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറായും ബിജെപിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റായും മുര്‍മു സേവനമനുഷ്ഠിച്ചു. 2015ല്‍ ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അവര്‍ വലിയ വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ ഗോത്രവര്‍ഗ മുന്നേറ്റത്തിനും മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ ഉത്തേജനം നല്‍കും. പ്രബലമായ ബിജെഡിക്കെതിരെ മുന്നേറ്റം വര്‍ധിപ്പിക്കാന്‍ പാടുപെടുന്ന ഒഡീഷയില്‍ ഇത് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് കരുത്തു പകരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here