വിമാനത്തിനുള്ളിലെ പ്രതിഷേധം: ‘കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സർക്കാരിൻറെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം’; കെ സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യ്ത് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. കള്ളമൊഴികളും വ്യാജറിപ്പോർട്ടും തയ്യാറാക്കി വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവർത്തനമായി ചിത്രീകരിച്ച സിപിഐഎമ്മിൻറെയും സർക്കാരിൻറെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരൻ പറഞ്ഞു.(flight protest case k sudhakaran against government)
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവർക്ക് ജാമ്യവും കൂടാതെ പൊലീസ് മൂന്നാം പ്രതിയാക്കി കേസെടുത്ത സുജിത് നാരായണന് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചത് ഇവരുടെ നിരപരാധിത്വം ബോധ്യമായതിനാലാണ്. കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സർക്കാരിൻറെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. പ്രതിഷേധം മുഖ്യമന്ത്രിയോടുള്ള വ്യക്തിവിരോധമല്ലെന്ന് നിരീക്ഷിച്ച കോടതി എയർപോർട്ട് മാനേജരുടെ റിപ്പോർട്ടിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടിയ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതെന്ന് സുധാകരൻ പറഞ്ഞു.
എന്നാൽ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യം ലഭിക്കേണ്ട പ്രതികളല്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ജാമ്യം കിട്ടിയതിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം വി ജയരാജൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് പ്രതികൾ ലക്ഷ്യമിട്ടത്.സാഹചര്യ തെളിവുകൾ നോക്കിയാൽ മൂന്ന് പേരും ഒന്നിച്ചാണ് ടിക്കറ്റ് എടുത്തത്..തോക്ക് ഇല്ലാത്തതു കൊണ്ട് മാത്രം അപായപ്പെടുത്താൻ ലക്ഷ്യമിട്ടില്ലായിരുന്നുവെന്ന് പറയാൻ കഴിയില്ല. പ്രതികൾ ജാമ്യം ലഭിക്കേണ്ടവരല്ല.സുരക്ഷ പരിശോധന ഉണ്ടായതു കൊണ്ടാണ് തോക്കു കൊണ്ടുപോകാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: flight protest case k sudhakaran against government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here