‘കെ.എൻ.എ ഖാദർ അനാഥനാകില്ല’; ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുളള ആളാകാൻ ഖാദറിന് കഴിയുമെന്ന് എ.പി.അബ്ദുള്ളക്കുട്ടി

ആർഎസ്എസ് വേദിയിലെത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. മുസ്‌ലിം ലീഗ് പുറത്താക്കിയാൽ കെ.എൻ.എ ഖാദർ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുളള ആളാകാൻ കെ.എൻ.എ ഖാദറിന് കഴിയുമെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. കെ.എൻ.എ ഖാദറിനെതിരായി ലീഗിൽ നിന്ന് തന്നെ വിമർശനങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അബ്ദുളള കുട്ടിയുടെ പ്രതികരണം ( KNA Khader support AP Abdullakutty ).
അതേസമയം, ആർഎസ്എസ് വേദി പങ്കിട്ട കെ.എൻ.എ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെ.എൻ.എ ഖാദറിന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. കോഴിക്കോട് കേസരിയിൽ സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എൻ.എ ഖാദർ പങ്കെടുത്തത്.
Read Also: ആർഎസ്എസ് വേദി പങ്കിടൽ; കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ്
വിവാദങ്ങൾക്ക് പിന്നാലെ കെ.എൻ.എ ഖാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ, ഇത് പൂർണമായും ലീഗ് നേതൃത്വം തള്ളി. കെഎൻഎ ഖാദർ ആർഎസ്എസ് വേദിയിൽ തന്നെയാണ് എത്തിയതെന്നും ആർഎസ്എസിൻ്റെ സംസ്ഥാന പ്രചാർ പ്രമുഖും കേസരിയുടെ എഡിറ്ററുമായ ഡോ.എൻ.ആർ മധുവാണ് തന്നെ ക്ഷണിച്ചതെന്ന് അദ്ദേഹം തന്നെ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.
കെ.എൻ.എ. ഖാദറിനെ ആർഎസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് വേദിയിൽ കെ.എൻ.എ. ഖാദർ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരിൽ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആർഎസ്എസ് ബൗദ്ധികാചാര്യൻ ജെ. നന്ദകുമാർ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എൻ.എ.ഖാദറിന്റെയും പ്രസംഗം.
Read Also: കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്
വിഷയത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എം.കെ. മുനീർ തുറന്നടിച്ചു. വിഷയം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി. മായിൻ ഹാജി ട്വന്റിഫോറിനോട് പറഞ്ഞു. കെ.എൻ.എ. ഖാദറിന് പരോക്ഷ വിമർശനവുമായി രംഗത്തെത്തിയ സാദിഖലി ശിഹാബ് തങ്ങൾ എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ അങ്ങോട് പോകാൻ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണമെന്നും ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ പോകേണ്ടതില്ലെന്നും വ്യക്തമാക്കി.
Story Highlights: ‘KNA Khader will not be an orphan’; AP Abdullakutty said that Khader can be an important person in national politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here