ആർഎസ്എസ് വേദി പങ്കിടൽ; കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ്

ആർഎസ്എസ് വേദി പങ്കിട്ട കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. വിഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെഎൻഎ ഖാദറിന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. കോഴിക്കോട് കേസരിയിൽ സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെഎൻഎ ഖാദർ പങ്കെടുത്തത്. (rss kna khader muslim league)
വിവാദങ്ങൾക്ക് പിന്നാലെ കെഎൻഎ ഖാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ, ഇത് പൂർണമായും ലീഗ് നേതൃത്വം തള്ളി. കെഎൻഎ ഖാദർ ആർഎസ്എസ് വേദിയിൽ തന്നെയാണ് എത്തിയതെന്നും ആർഎസ്എസിൻ്റെ സംസ്ഥാന പ്രചാർ പ്രമുഖും കേസരിയുടെ എഡിറ്ററുമായ ഡോ. എൻആർ മധുവാണ് തന്നെ ക്ഷണിച്ചതെന്ന് അദ്ദേഹം തന്നെ 24നോട് പ്രതികരിച്ചിരുന്നു. നിലവിൽ കെഎൻഎൻ ഖാദറിനോട് ലീഗ് നേതൃത്വം ഔദ്യോഗിക വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ആര്‍എസ്എസുമായി വേദി പങ്കിടല്‍; കെഎന്‍എ ഖാദറിനോട് വിശദീകരണം തേടി മുസ്ലിംലീഗ്
കെഎൻഎ ഖാദറിനെ ആർഎസ്എസ് ദേശീയ നേതാവ് ജെ നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് വേദിയിൽ കെഎൻഎ ഖാദർ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരിൽ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആർഎസ്എസ് ബൗദ്ധികാചാര്യൻ ജെ നന്ദകുമാർ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെഎൻഎഖാദറിന്റെയും പ്രസംഗം.
വിഷയത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എംകെ മുനീർ തുറന്നടിച്ചു. വിഷയം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എംസി മായിൻ ഹാജി ട്വന്റിഫോറിനോട് പറഞ്ഞു. കെഎൻഎ ഖാദറിന് പരോക്ഷ വിമർശനവുമായി രംഗത്തെത്തിയ സാദിഖലി ശിഹാബ് തങ്ങൾ എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ അങ്ങോട് പോകാൻ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണമെന്നും ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ പോകേണ്ടതില്ലെന്നും വ്യക്തമാക്കി.
അതേസമയം ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കൾക്ക് വിലക്കുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Story Highlights: rss kna khader muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here