അന്തരീക്ഷ മലിനീകരണ തോത് വർധിക്കാൻ സാധ്യത; ഡല്‍ഹി നഗരാതിർത്തിക്കുള്ളില്‍ ചരക്കുവാഹനങ്ങള്‍ക്ക് വിലക്ക്

ഡൽഹി വളരെ രൂക്ഷമായി നേരിടുന്ന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. അത് നിയന്ത്രിക്കാനും നേരിടാനും നിരവധി മാർഗങ്ങൾ ഗവൺമെന്റ് നടപ്പിലാക്കുന്നുമുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുക കൊണ്ടുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചരക്ക് വാഹനങ്ങള്‍ നഗരാതിര്‍ത്തിക്കുള്ളില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ 2023 ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങള്‍ക്ക് സർക്കാർ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശീതകാലത്ത് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് സർക്കാരിന്റെ നടപടി. പഴം, പച്ചക്കറി, ധാന്യങ്ങള്‍, പാല്‍ തുടങ്ങി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.
വ്യാപാരികളിൽ നിന്നും ചരക്കുവാഹന ഉടമകളിൽ നിന്നും സർക്കാരിന്റെ തീരുമാനത്തിനെതിരെ എതിർപ്പ് ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ഈ തീരുമാനം വ്യാപാരരംഗത്ത് നഷ്ടമുണ്ടാക്കുമെന്നും മലിനീകരണം തടയാന്‍ സര്‍ക്കാര്‍ മറ്റുമാര്‍ഗങ്ങള്‍ തേടണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിയുള്ള കാലയളവില്‍ ഉത്സവങ്ങളും വിവാഹാഘോഷങ്ങളും കുടുതലായി നടക്കുന്നതിനാല്‍ ഇത്തരത്തിലുള്ള വിലക്ക് ഡല്‍ഹിയിലെ വ്യാപാരമേഖലയെ തകര്‍ക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.
സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഡീസല്‍ വാഹനങ്ങള്‍ക്കും ഈ വിലക്ക് ബധകമല്ല. മാത്രവുമല്ല, ഡല്‍ഹിയില്‍ സിഎന്‍ജി വാഹനങ്ങളുടെ എണ്ണം കുറവാണെന്നും വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു. ഡല്‍ഹിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ വ്യാപാരത്തിനായി മറ്റിടങ്ങള്‍ തേടുമെന്നും അത് ഡല്‍ഹിയുടെ വ്യാപാരമേഖലയെ തകിടം മറിക്കുമെന്നും ഡല്‍ഹി ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ഭാഗത്തുനിന്ന് അറിയിപ്പുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here