അസം പ്രളയം നേരിടുന്നതിൽ സർക്കാരുകൾ പരാജയമെന്ന് സിപിഐഎം; ദുരിതാശ്വാസ സംഭാവന നൽകാൻ ആഹ്വാനം

അസമിൽ പ്രളയം നേടിരുന്നതിലും പ്രളയക്കെടുതി നേരിട്ട ജനതയ്‌ക്ക് സഹായം ലഭ്യമാക്കുന്നതിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ബ്രഹ്‌മപുത്ര താഴ്‌വരയിലും ബരാക് താഴ്‌വരയിലും മനുഷ്യജീവനും സ്വത്തുവകകൾക്കും വൻനാശമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ 35ൽ 32 ജില്ലയിലെ 60 ലക്ഷം പേർ നിലനിൽപ്പിനായി പൊരുതുകയാണ്. 100ൽപരം മരണമുണ്ടായി. 1.08 ലക്ഷം ഹെക്ടറിൽ വിളകൾ മുങ്ങി. 2000ഓളം കിലോമീറ്റർ റോഡ് നശിച്ചു. ആയിരക്കണക്കിനു കന്നുകാലികൾക്ക് ജീവനാശം ഉണ്ടായി ( Assam floods govt fail CPIM ).
പ്രളയസ്ഥിതി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിലെയും അസമിലെയും ബിജെപി സർക്കാരുകൾ പൂർണമായി പരാജയപ്പെട്ടു. ഇതേസമയം മഹാരാഷ്‌ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കുതിരക്കച്ചവടത്തിൽ മുഴുകിയിരിക്കയാണ് ഈ സർക്കാരുകൾ. ദുരിതബാധിതർക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനോ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനോ ഫലപ്രദമായ ശ്രമം നടക്കുന്നില്ല. സ്ഥിതിഗതി നിരീക്ഷിക്കാനും ദുരിതാശ്വാസപ്രവർത്തനം ഊർജിതമാക്കാനും പ്രധാനമന്ത്രിയോ ഏതെങ്കിലും കേന്ദ്രമന്ത്രിമാരോ സന്ദർശനം നടത്തിയിട്ടില്ല. ഇതു അങ്ങേയറ്റം ഹൃദയശൂന്യമായ നിലപാടാണ്.
കഷ്ടപ്പെടുന്ന ജനങ്ങൾക്ക് അടിയന്തരമായി സഹായം എത്തിക്കണം. ഭക്ഷണം ഉൾപ്പടെയുള്ള സാധനസാമഗ്രികൾ ക്യാമ്പുകളിൽ എത്തിക്കണം. വീടും വസ്‌തുവകകളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനു സംസ്ഥാനസർക്കാർ നടപടി എടുക്കണം. അസമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകാൻ പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു.
Story Highlights: CPI (M) blames govt for failure in Assam floods
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here