Advertisement

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജൻ: ​ഗുരുതര ആരോപണമുന്നയിച്ച് എം.എം. ഹസന്‍

June 25, 2022
Google News 2 minutes Read
EP Jayarajan behind Rahul Gandhi's office attack

മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് അനുസരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്ത ആക്രമണമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലേക്ക് എസ്എഫ്‌ഐക്കാര്‍ നടത്തിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ജൂണ്‍ 21ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള അക്രമം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് 24-ന് എസ്എഫ്‌ഐക്കാര്‍ അക്രമം നടത്തിയത്. കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറു വാരിക്കുന്നത് പോലെ കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച മുഖ്യമന്ത്രിയും ഇ.പി ജയരാജനും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ വെറും നാടകമാണെന്നും എംഎം ഹസന്‍ കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഗസ്റ്റിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് നോക്കിനിന്നു. വിമാനത്തില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിന് കള്ളക്കേസെടുത്ത പൊലീസ് ഈ അക്രമത്തിനെതിരെ നിസാര വകുപ്പിട്ട് കേസെടുത്താല്‍ യുഡിഎഫ് നിയമത്തിന്റെ വഴിയേ നീങ്ങും. എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.

Read Also: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമം; എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ദേശീയ തലത്തില്‍ ബിജെപി രാഹുല്‍ ഗാന്ധിയെ വേട്ടയാടുമ്പോള്‍ തങ്ങളും ഒപ്പമുണ്ടെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് കേരളത്തിലെ സിപിഐഎമ്മിന്. അതിന്റെ ഭാഗമായാണ് ഈ അക്രമങ്ങളെല്ലാം. മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് വിധേയമായി ബിജെപിയെ പ്രീതിപ്പെടുത്താനും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനുമാണ് ശ്രമം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്.

പരിസ്ഥിതി ലോല മേഖലയിലെ കര്‍ഷകരെയും ജനങ്ങളെയും സഹായിക്കാനായി യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിച്ച് 2019 ഒക്ടോബര്‍ 23ന് പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാനത്തിന് അനുസൃതമായാണ് സുപ്രീംകോടതി വിധിയുണ്ടായത്. എന്നിട്ടും ക്ലിഫ്ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താതെ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടത്തിയത് തികച്ചും ആസൂത്രിതമാണ്. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: EP Jayarajan behind Rahul Gandhi’s office attack: MM Hassan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here