Advertisement

‌‌എസ്.എഫ്.ഐ മാർച്ച് അനുവാദമില്ലാതെ നടന്നത്, കർശന നടപടിയുണ്ടാകുമെന്ന് വി.പി സാനു

June 25, 2022
Google News 2 minutes Read
SFI march took place without permission; VP Sanu

രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. അനുവാദം ഇല്ലാതെയാണ് ഇന്നലെ എസ്എഫ്ഐ മാർച്ച് നടത്തിയത്. തെറ്റുകാർക്ക് എതിരെ കർശന നടപടിയുണ്ടാകും. പാർട്ടി നേതൃത്വത്തോട് എസ്.എഫ്.ഐ കാര്യങ്ങൾ വിശദീകരിക്കും. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീക്കൊപ്പം എ.കെ.ജി സെന്ററിൽ എത്തിയപ്പോഴായിരുന്നു വി.പി സാനുവിന്റെ പ്രതികരണം.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. പൊലീസിന് മാർച്ചിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ ക്വട്ടേഷൻ എസ്എഫ്ഐ ഏറ്റെടുത്തു. ബഫർ സോണും എസ്എഫ്ഐയും തമ്മിൽ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചിട്ടുണ്ട്. കേരളത്തിൽ സംഘപരിവാർ പോലും ചെയ്യാത്ത കാര്യങ്ങൾ സിപിഐഎം ചെയ്യുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: എസ്.എഫ്.ഐയിൽ അച്ചടക്ക നടപടിയുണ്ടാകും; സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി

അതേസമയം, ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് കെ സി വേണുഗോപാൽ ആവർത്തിച്ചു. ഉന്നത നേതാക്കളുടെ അറിവോടെയാണ് ആക്രമണമെന്നും എസ്എഫ്ഐ നടപടി മോദിയെ സുഖിപ്പിക്കാൻ വേണ്ടിയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ആക്രമണം തള്ളിക്കളഞ്ഞ് കൊണ്ട് മാത്രം കാര്യമില്ലെന്ന് പറഞ്ഞ വേണുഗോപാൽ, എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ചോദിച്ചു. ഡിവൈഎസ്പിയിൽ നടപടി ഒതുങ്ങുന്ന വിഷയമല്ല നടന്നത്. എസ്എഫ്ഐക്കെതിരെ എന്തുകൊണ്ട് നടപടി വൈകുന്നുവെന്നും അദ്ദേഹം ചോദിച്ചു. ആർ എസ്എസിൻറെ ഗാന്ധി വിരോധം സിപിഐഎമ്മിലേക്ക് പടരുകയാണ്. അത് കൊണ്ടാണ് ആദ്യം ഗാന്ധി ചിത്രം നശിപ്പിക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദർശനം. രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.

Story Highlights: SFI march took place without permission; VP Sanu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here