Advertisement

‘ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ഹൃദയത്തിലാണ് രാഷ്ട്രപിതാവിന്റെ സ്ഥാനം’; സിപിഐഎമ്മിന്റെ തൊലിക്കട്ടി അപാരമെന്ന് കെ സുധാകരന്‍

June 26, 2022
Google News 2 minutes Read

വൈദ്യുതി നിരക്കും ബസ് ചാര്‍ജും വര്‍ധിപ്പിച്ച് പൊതുജനത്തെ പിഴിയുകയും കെ റെയിലിന്റെ പേരില്‍ ജനങ്ങളുടെ നെഞ്ചത്ത് മഞ്ഞകുറ്റിയും സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തന ഫണ്ട് പിരിവുമായി ഇറങ്ങുന്ന സിപിഐഎമ്മിന്റെ തൊലിക്കട്ടി അപാരം തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഢംബരവും ധൂര്‍ത്തും കുറക്കാത്ത മുഖ്യമന്ത്രിക്കും ഗാന്ധി നിന്ദ പതിവാക്കിയ സിപിഐഎമ്മിനും വിലവര്‍ധനവിനെതിരെയും വര്‍ഗീയതക്കെതിരെയും സമരം ചെയ്യാന്‍ എന്തുയോഗ്യതയാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച യഥാര്‍ത്ഥ പ്രതികളെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലും സിപിഐഎം നല്‍കുന്ന പട്ടിക പ്രകാരമെ അറസ്റ്റ് പാടുള്ളുയെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്.(k sudhakaran against cpim protest)

Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…

കല്‍പ്പറ്റയിലെ ജനകീയ പ്രതിഷേധത്തിന്റെ പേരില്‍ എകെജി സെന്ററിന്റെ ആജ്ഞയനുസരിച്ചാണ് പൊലീസ് ഇപ്പോള്‍ കേസെടുക്കുന്നത്. കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്ന പൊലീസ് എന്തുകൊണ്ട് കെപിസിസി ആസ്ഥാനവും സംസ്ഥാനത്തെ വിവിധ കോണ്‍ഗ്രസ് ഓഫീസുകളും തല്ലിത്തകര്‍ത്ത സിപിഐഎമ്മിന്റെഗുണ്ടകള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധമാണ് സിപിഐഎം ഗാന്ധി പ്രതിമയെയും ചിത്രത്തെയും അപമാനിക്കുന്നത്.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ഹൃദയത്തിലാണ് രാഷ്ട്രപിതാവിന്റെ സ്ഥാനം. അത് തിരിച്ചറിയാനുള്ള വെളിവ് സിപിഐഎമ്മിനില്ല. പയ്യന്നൂര്‍ ഗാന്ധി പ്രതിമയുടെ തലയറുത്തവര്‍ ഇപ്പോഴും സിപിഎം സംരക്ഷണയില്‍ ഇരുട്ടിന്റെ മറവില്‍ തന്നെയാണ്. സിപിഐഎം നിയന്ത്രണത്തിലുള്ള ഒളിസങ്കേതങ്ങള്‍ പരിശോധിച്ചാല്‍ രാഷ്ട്രപിതാവിന്റെ തലയറുത്ത കമ്യൂണിസ്റ്റ് സംഘപരിവാര്‍ നിഴലുകളെ കാണാമറയത്ത് നിന്നും വെളിച്ചത്തേക്ക് കൊണ്ടുവരാം. എന്നാല്‍ സിപിഐഎം ജില്ലാ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലുള്ള പൊലീസിന് അതിനുള്ള തന്റേടം കൈമോശം വന്നെന്നും സുധാകരന്‍ പരിഹസിച്ചു.

യുവജന സംഘടനകളിലെ യുവാക്കള്‍ നല്ലൊരു വിഭാഗം കുടിയന്‍മാരാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ ആദ്യം പറഞ്ഞതും വിവാദമായപ്പോള്‍ തിരുത്തി തടിയൂരാന്‍ ശ്രമിച്ചതും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സംഘടനാപ്രവര്‍ത്തകരുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: k sudhakaran against cpim protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here