ധീരജിന്റെ കൊലപാതകത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണം; സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രകോപന പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തിയതെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞു. ധീരജിന്റെ കൊലപാതകത്തിൽ സി.പി. മാത്യുവിന്റെ പങ്ക് അന്വേഷിക്കണം. ധീരജ് കൊല കോൺഗ്രസ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി. ( Idukki DCC president’s role in Dheeraj’s murder should be probed )
രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്തത് പോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നായിരുന്നു സി.പി. മാത്യുവിന്റെ ഭീഷണി. മുരിക്കാശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദ പ്രസംഗം. യൂത്ത് കോൺഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് കൊല്ലപ്പെട്ടത്. എസ്എഫ്ഐക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ധീരജിന്റെ ഗതിയാകുമെന്നാണ് അദ്ദേഹം പറയുന്നത്.
രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് സി.പി. മാത്യു അതീവ ഗൗരവമായ വിവാദ പരാമർശം നടത്തിയത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി.പി. മാത്യു വിവാദപ്രസംഗം നടത്തിയിട്ടുണ്ട്. അന്നത്തെ പരാമർശവും ഏറെ വിവദമുണ്ടാക്കിയിരുന്നു. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്, കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വരാൻ അവരെ അനുവദിക്കില്ല. ഇതായിരുന്നു അന്നത്തെ വിവാദപ്രസ്താവന.
രാജി ചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും സി.പി. മാത്യുവിനെതിരെ ഇടുക്കി പൊലീസ് കേസെടുത്തിരുന്നു. രാജി ചന്ദ്രൻ സിപിഐഎമ്മിൽ ചേർന്നതിൽ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പരാമർശങ്ങൾ.
മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച സമരത്തിനിടെ ബാര്‍ബർമാരെ ആക്ഷേപിക്കുന്ന രീതിയിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. ‘ഞങ്ങളെല്ലാം ചെരയ്ക്കാൻ ഇരിക്കുകയല്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Story Highlights: Idukki DCC president’s role in Dheeraj’s murder should be probed; CPI (M) Idukki District Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here