റോക്കട്രി: ദി നമ്പി ഇഫക്‌റ്റിൻ്റെ പ്രത്യേക പ്രദർശനം ഡൽഹിയിൽ നടന്നു

വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’. ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം, ഡൽഹി സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നടൻ ആർ മാധവന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം.
സി.ബി.ഐ മുൻ ഡയറക്ടർ ഡി.ആർ കാർത്തികേയൻ, സി.ബി.ഐ മുൻ ഐ.ജി പി.എം നായർ, കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ, ചലച്ചിത്ര മേഖലയിലെ പ്രമുഖർ എന്നിവരും പ്രദർശനത്തിൽ പങ്കെടുത്തു. ചിത്രം പ്രേക്ഷക ഹൃദയങ്ങളെ സ്പർശിക്കുമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ നേട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച നമ്പി നാരായണൻ ഉൾപ്പെടെ ആയിരക്കണക്കിന് ശാസ്ത്രജ്ഞർക്ക് ഈ ചിത്രം ആദരവ് അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1994-ൽ ചാരവൃത്തി ആരോപിക്കപ്പെട്ട ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര സിനിമയാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ്. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ‘റോക്കട്രി: ദി നമ്പി ഇഫക്‌റ്റ്’ എന്ന ചിത്രത്തിന്റെ പ്രഥമ പ്രദർശനം നടന്നത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച സിനിമയുടെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളുടെ ഡബ്ബ് പതിപ്പുകളും റിലീസ് ചെയ്യും. ചിത്രം 2022 ജൂലൈ 1ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
Story Highlights: Ministry of I&B holds special screening of ‘Rocketry: The Nambi Effect’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here