Advertisement

വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം

June 27, 2022
Google News 2 minutes Read

ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിന്റെ 135-ാം പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുൻനിര താരങ്ങൾ ഗ്രാൻഡ് സ്ലാം കനവുകൾക്ക് ചിറകുപകരാൻ ലണ്ടണിൽ എത്തിക്കഴിഞ്ഞു. ഉദ്ഘാടന ദിനത്തിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ദക്ഷിണ കൊറിയയുടെ ക്വോൺ സൂൺ-വൂവിനെ നേരിടുമ്പോൾ, രണ്ട് തവണ ചാമ്പ്യനായ ആൻഡി മുറെ ജെയിംസ് ഡക്ക്വർത്തുമായി ഏറ്റുമുട്ടും.

ലോക്കൽ ഫേവറിറ്റായ എമ്മ റഡുകാനുവും ഇന്ന് സെന്റർ കോർട്ടിൽ മത്സരിക്കും. ബെൽജിയത്തിന്റെ അലിസൺ വാൻ ഉയ്‌റ്റ്‌വാങ്കിനെ എമ്മ നേരിടും. വിംബിൾഡൺ 2022-ന്റെ ഒന്നാം ദിനം ആദ്യ റൗണ്ട് മത്സരങ്ങൾ കളിക്കുന്ന മറ്റ് ടോപ്പ്-10 സീഡുകളിൽ കാർലോസ് അൽകാരാസ്, കാസ്‌പർ റൂഡ്, ഹ്യൂബർട്ട് ഹർകാസ്, ഓൻസ് ജബേർ, അനെറ്റ് കോന്റവീറ്റ് എന്നിവരും ഉൾപ്പെടുന്നു. അതേസമയം റോജർ ഫെഡറർ, അലക്സിസ് സ്വരേവ്, നവോമി ഒസാക്ക തുടങ്ങിയവർ പരുക്കുമൂലം ഇത്തവണ ഇറങ്ങുന്നില്ല.

കൊവിഡിന്റെ വെല്ലുവിളികൾക്കിടയിലും നടക്കുന്ന ടൂർണമെന്റ് ഇത്തവണ രാഷ്ട്രീയ നിലപാടുകൾകൊണ്ട് വിവാദവുമാകുന്നുണ്ട്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ, ബെലാറസ് താരങ്ങളെ ടൂർണമെന്റിൽ നിന്ന് വിലക്കിയിരിക്കുകയാണ് അധികൃതർ. ഇതോടെ പുരുഷ വിഭാഗത്തിലെ ഒന്നാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദേവ് അടക്കമുള്ളവർക്ക് കളിക്കാനാവില്ല. ഡാനിൽ മെദ്‌വദേവിനെക്കൂടാതെ വിക്ടോറിയ അസരങ്ക,അര്യാന സബലേറ്റ, ആന്ദ്രേ റുബ്ളേവ് തുടങ്ങിയവരും വിലക്കിലാണ്. ഇതിന്റെ പേരിൽ ടൂർണമെന്റിൽ നിന്നുള്ള റാങ്കിംഗ് പോയിന്റുകൾ വെട്ടിക്കുറച്ചിട്ടുമുണ്ട്.

വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ജൂൺ 27 തിങ്കളാഴ്ച്ച ആരംഭിച്ച് ജൂലൈ 10 ഞായറാഴ്ച അവസാനിക്കും. യുകെയിലെ ലണ്ടനിലുള്ള ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കും. മിക്ക ഷോ കോർട്ടുകളിലും പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെന്റർ കോർട്ടിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30 നും, കോർട്ട് 1 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്കും ഗെയിമുകൾ ആരംഭിക്കും.

Story Highlights: wimbledon tennis tournament begins today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here