സൈക്കിൾ യാത്രികനായ വയോധികനെ കാള ചവിട്ടിക്കൊന്നു; സംഭവം യു.പിയിൽ, വിഡിയോ

റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാള സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ട ശേഷം ചവിട്ടിക്കൊന്നു. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജ് ചൗഖണ്ഡിയിലെ തെരുവിലാണ് ദാരുണ സംഭവം നടന്നത്. പൂ വിൽപ്പനക്കാരനായ നൈനി സ്വദേശി ബ്രിജ്‌ലാൽ വർമ്മയാണ് മരിച്ചത്. രാവിലെ ചന്തയിൽ പൂവിൽക്കാനെത്തിയ ഇയാൾ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
അക്രമാസക്തനായി കുതിച്ചെത്തിയ കാള സൈക്കിളിൽ പോവുകയായിരുന്ന വയോധികനെ ഇടിച്ചിടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് കാളയുടെ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Also: നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം ഉത്തർ പ്രദേശിലെ ഉന്നാവിൽ
ആളുകൾക്കിടയിൽ നിന്ന് കുതിച്ചെത്തിയ കാള സൈക്കിൾ യാത്രികനെ ആക്രമിക്കുന്നത് സിസിടിവി ക്യാമറയിൽ വ്യക്തമായി കാണാം. കാള സൈക്കിൾ യാത്രികനെ ഇടിച്ചിട്ടതിന് ശേഷം നിലത്തിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നു. കാളയുടെ ആക്രമണത്തിൽ നെഞ്ചിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ വയോധികനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കേയാണ് വയോധികന്റെ അന്ത്യം.
ഈ സംഭവത്തോടെ നഗരസഭയിലെ മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥയാണ് മറനീക്കി പുറത്തുവരുന്നത്. പൊതു സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലികളെ സംരക്ഷിക്കാൻ ഒരു പ്രവർത്തന പദ്ധതിയും നഗരസഭാ അധികൃതർ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നഗരത്തിൽ അലഞ്ഞുതിരിയുന്ന കാലികൾ ജനങ്ങളെ ആക്രമിച്ച് പരുക്കേൽപ്പിക്കുന്നതും മരണം സംഭവിക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സമാജ് വാദി പാർട്ടി ഈ ദൃശ്യങ്ങൾ അവരുടെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
Story Highlights: bull killed the old man; The incident took place in Prayagraj, Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here