എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്; ഇന്ത്യക്ക് കഠിനം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന്. ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും കീഴിൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും കെഎൽ രാഹുലിൻ്റെയും അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. (england india test today)
ആഷസിലും അതിനു ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും വളരെ മോശം പ്രകടനം നടത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റനെയും പരിശീലകനെയും മാറ്റിയാണ് ന്യൂസീലൻഡിനെതിരെ ഇറങ്ങിയത്. ജോ റൂട്ടിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ബെൻ സ്റ്റോക്സിനെ നിയമിച്ച ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റി ബ്രെൻഡൻ മക്കല്ലത്തെ നിയമിച്ചു. ഇതോടെ ടീമിൻ്റെ മെൻ്റാലിറ്റിയ്ക്ക് തന്നെ മാറ്റം വന്നു. ന്യൂസീലൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. അതിനപ്പുറം ആക്രമണാത്മക ബാറ്റിംഗ് കാഴ്ചവച്ച ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. രണ്ടാം ടെസ്റ്റിൽ 50 ഓവറിൽ 299 റൺസടിച്ചാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആത്മവിശ്വാസത്തിൻ്റെ ഉന്നതിയിൽ നിൽക്കുന്ന ഇംഗ്ലണ്ടിനെ കീഴടക്കാൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
Read Also: എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്; ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു
ശ്രീലങ്കക്കെതിരെയാണ് ഇന്ത്യ അവസാനം ടെസ്റ്റ് കളിച്ചത്. പരമ്പര ആധികാരികമായി ഇന്ത്യ തൂത്തുവാരി. എന്നാൽ, ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശർമ, ലോകേഷ് രാഹുൽ എന്നിവരുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. നിലവിലെ ഇന്ത്യൻ താരങ്ങളിൽ ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച ശരാശരിയുള്ള താരമാണ് രോഹിത്. രോഹിതിൻ്റെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്.
ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും മികച്ചുനിന്ന വിക്കറ്റ് കീപ്പർ കെഎസ് ഭരത് ഇന്ത്യൻ ഓപ്പൺ ചെയ്തേക്കുമെന്നാണ് കരുതപ്പെടുന്നത്. രോഹിതിൻ്റെ അഭാവത്തിൽ ഭരതിന് അവസരം ലഭിക്കുമെന്നാണ് സൂചന. അതേസമയം, ചേതേശ്വർ പൂജാരയെ ഓപ്പണിംഗിലേക്ക് മാറ്റി ഹനുമ വിഹാരിയെ മൂന്നാം നമ്പറിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്. അശ്വിൻ കൊവിഡ് മുക്തനായി ടീമിനൊപ്പം ചേർന്നെങ്കിലും ജഡേജ തന്നെ കളിച്ചേക്കും.
Story Highlights: england india test today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here