Advertisement

എകെജി സെന്റര്‍ ആക്രമണം: രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി

July 1, 2022
Google News 2 minutes Read

തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിയോഗികളുടെ ഓഫിസ് ആക്രമിക്കുന്നവരല്ലെന്ന് ഉമ്മന്‍ ചാണ്ടി ട്വന്റിഫോറിനോട് പറഞ്ഞു. ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യണം എന്നാണ് യുഡിഎഫും ആവശ്യപ്പെടുന്നത്. പൊലീസ് സംരക്ഷണയിലുള്ള ഓഫിസുകളിലാണ് ഇന്നലെ ആക്രമണം നടന്നത്. കോട്ടയം ഡിസിസി ഓഫിസിന് നേരെയും കല്ലേറുണ്ടായി. സംഘടിത നീക്കത്തിന്റെ ഭാഗമായാണോ ഈ സംഭവങ്ങളുണ്ടായതെന്ന് അന്വേഷിക്കണമെന്നും ഉമ്മന്‍ ചാണ്ടി ട്വന്റിഫോറിനോട് പറഞ്ഞു. (oommen chandy response akg center bomb attack thiruvananthapuram)

ആക്രമണം കോണ്‍ഗ്രസിന്റെ രീതിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. ആക്രമണം കോണഗ്രസോ യുഡിഎഫോ അറിഞ്ഞല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോ യു ഡി എഫ് പ്രവര്‍ത്തകരോ ഇത് ചെയ്യില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിരോധത്തിലായ സമയത്ത് അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ ഇ പി ജയരാജന്‍ എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയത്. എന്ത് തെളിവാണ് ഇ പി ജയരാജന്റെ പക്കലുള്ളത്. പൊലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെ. സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമല്ല. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. രാഹുല്‍ വരുന്ന സമയത്ത് കോണ്‍ഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പൊലീസ് അന്വേഷണത്തില്‍ എല്ലാം തെളിയട്ടെ. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Story Highlights: oommen chandy response akg center bomb attack thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here