ഇന്നത്തെ പ്രധാന വാർത്തകൾ ( 04-07- 2022 )

‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണർ കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി ( july 4 news round up )
സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റയിൽമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 16നാണ് ഗവർണർ കത്തയച്ചത്. ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്തിൻറെ പകർപ്പ് പുറത്തായി.
എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പി സി വിഷ്ണുനാഥ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. അക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. സിപിഐഎം ഗുണ്ടാസംഘം അഴിഞ്ഞാടുകയാമെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയാമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐഎം പ്രവര്‍കത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.
മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസ വോട്ടെടുപ്പിലും കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്.
എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി
എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സർക്കാർ. സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചതോടെ പ്രതിപക്ഷം ശാന്തരായി. ഒരുമണിക്കാണ് അടിയന്തര പ്രമേയം. പി സി വിഷ്ണുനാഥ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലക്ഷക്കണക്കിന് ആളുകൾ ഭീതിയോടെയാണ് എ കെ ജി സെന്റർ ആക്രമണം നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പൊലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ചകളാകും പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുക.
ചോദ്യം ചെയ്യലിന് ഹാജരാകണം; ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിന്റെ മൊഴിയുടെയും പുതിയ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇ ഡി നടപടി. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഷാജ് കിരൺ പ്രതികരിച്ചു.
കുവൈറ്റ് മനുഷ്യക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് മജീദ്; പ്രതിയാകേണ്ടത് അജു | 24 Exclusive
കുവൈറ്റ് മനുഷ്യക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് കേസിലെ പ്രധാന പ്രതിയായ മജീദ് ട്വന്റിഫോറിനോട്. താൻ കുവൈറ്റിലെ റിക്രൂട്ടിംഗ് കമ്പനിയിലെ ഡ്രൈവർ മാത്രമാണ്. ഇപ്പോൾ പുറത്ത് വന്ന സംഭവങ്ങളിൽ അജുവിനാണ് പങ്കെന്നും മജീദ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ല; പൊലീസ് റിപ്പോർട്ട് പുറത്ത്
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷം തന്നെയാണെന്ന് പൊലീസ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ലെന്ന തരത്തിൽ തന്നെയാണ് റിപ്പോർട്ട്. കസേരയിൽ വാഴ വെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐക്കാർ ഇറങ്ങിപ്പോയ ശേഷം വീണ്ടും ഇവരെത്തിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു; മണ്ണ് വീണത് വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക്
ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. ഫയർ ഫോഴ്‌സ് എത്തി തെരച്ചിൽ നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്ട അടുക്കളയയ്ക്ക് സമീപത്ത് നിൽക്കവേയാണ് അപകടമുണ്ടായത്. ഭർത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടില്ല.
Story Highlights: july 4 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here