Advertisement

കശുമാങ്ങയില്‍ നിന്ന് മദ്യം: ‘കണ്ണൂര്‍ ഫെനി’ ഡിസംബറോടെ

July 4, 2022
Google News 2 minutes Read
Kannur Feni by December

കശുമാങ്ങാനീര് വാറ്റിയുള്ള മദ്യം (ഫെനി) ‘കണ്ണൂര്‍ ഫെനി’ ഡിസംബറോടെ എത്തും. ഫെനി ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചതോടെയാണ് ഗോവന്‍ മാതൃകയില്‍ കേരളത്തിലും ഫെനി ഉത്പാദനത്തിന് കളമൊരുങ്ങുന്നത്. കശുമാങ്ങയില്‍ നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത് ( Kannur Feni by December ).

2019 ല്‍ തന്നെ ബാങ്ക് പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും നിയമക്കുരുക്കുകള്‍ മൂലം അനുമതി വൈകുകയായിരുന്നു. ഫെനി ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായില്ല. തുടര്‍ന്ന് ജൂണ്‍ 30നാണ് അന്തിമാനുമതി ലഭിച്ചത്.

അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനകം തന്നെ ഉത്പാദനം ആരംഭിക്കാന്‍ ബാങ്ക് തയാറെടുത്തിരുന്നു. എന്നാല്‍ കശുമാങ്ങ സീണണ്‍ അല്ലാത്തതാണ് ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദനം സംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി ലഭ്യമായാല്‍ പദ്ധതി ആരംഭിക്കാനാകും.

കശുമാങ്ങയുപയോഗിച്ച് ഫെനിയുത്പാദിപ്പിക്കുന്ന സംസ്ഥാനം ഗോവയാണ്. ഫെനി ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നത് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഫെനി ഉത്പാദിപ്പിച്ചാല്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും നല്ല വരുമാനമാകുമെന്നാണ് പയ്യാവൂര്‍ സഹകരണ ബാങ്ക് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ലിറ്റര്‍ ഫെനി ഉണ്ടാക്കാന്‍ 200 രൂപ ചെലവ് വരും. അത് ബിവറേജസ് കോര്‍പ്പറേഷന് വില്‍ക്കും. കോര്‍പ്പറേഷന് ഇത് 500 രൂപയ്ക്ക് വില്‍ക്കാമെന്നാണ് നിര്‍ദേശം. വിലയും പേരും സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഫെനിക്കായി ഒരു കിലോ കശുമാങ്ങ വില്‍ക്കുന്ന കര്‍ഷകന് 100 രൂപ വില ലഭിക്കും. കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടുന്നത് കൃഷിക്കാര്‍ക്ക് വലിയ നേട്ടമാകുമെന്നും പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി ട്വന്റിഫോറിനോട് പറഞ്ഞു. തോട്ടവിളയെ അടിസ്ഥാനമാക്കി ജീവിക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതി വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് ജോഷി ചൂണ്ടിക്കാട്ടുന്നത്.

Story Highlights: Liquor from Cashew: ‘Kannur Feni’ by December

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here