Advertisement

ഗോവന്‍ ഫെനിയെ വെല്ലുമോ ‘കണ്ണൂര്‍ ഫെനി’…! കശുമാങ്ങക്കും ലഭിക്കും കിലോയ്ക്ക് 100 രൂപ; പദ്ധതിയെക്കുറിച്ച് ടി.എം.ജോഷിയുമായുള്ള അഭിമുഖം

July 4, 2022
2 minutes Read
what is kannur feni
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാര്‍ഷിക മേഖലയ്ക്കും ഒപ്പം കേരളത്തിന്റെ മദ്യ ഉപഭോഗകാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങള്‍ക്കാണ് കേരളം തയാറെടുക്കുന്നത്. പഴങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം സംസ്ഥാന ബജറ്റില്‍ വന്നതിന് പിന്നാലെ കശുമാങ്ങാനീരില്‍ തന്നെ മദ്യം ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനം. ഗോവന്‍ ഫെനിയുടെ മാതൃകയില്‍ ‘കണ്ണൂര്‍ ഫെനി’ ഡിസംബറോടെ ഉത്പാദനമാരംഭിക്കും. കേരളം തനതായി കശുമാങ്ങാനീരില്‍ നിന്ന് മദ്യോത്പാദത്തിന് തയ്യാറെടുക്കുമ്പോള്‍ ആ പദ്ധതി നടപ്പാക്കുന്ന പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി ട്വന്റിഫോറിനോട് മനസു തുറക്കുകയാണ്. കേരളത്തിന്റെ സ്വന്തം ഫെനിയെക്കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചുമുള്ള പ്രത്യേക അഭിമുഖത്തില്‍ ( what is kannur feni ).

പദ്ധതിയുടെ ആസൂത്രം

ഗോവയില്‍ കഴിഞ്ഞ 40 വര്‍ഷമായി ഉത്പാദനം നടന്നുകൊണ്ടിരിക്കുന്നതാണ്. ഇതിനെ സംബന്ധിച്ച് വ്യക്തിപരമായി തന്നെ വര്‍ഷങ്ങളോളം പഠനം നടത്തിയിരുന്നു. 91 മുതല്‍ ഇതിന്റെ പിന്നിലുണ്ട്. 1991-ല്‍ പയ്യാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കേയും ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴെല്ലാം ഇതേക്കുറിച്ച് പഠനം ആരംഭിച്ചിരുന്നു. 2016ല്‍ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പേരില്‍ പ്രൊജക്ട് കൊടുക്കുകയായിരുന്നു. 2019ല്‍ പദ്ധതിക്ക് ഏകദേശ അംഗീകാരം ലഭിച്ചതാണ്. എന്നാല്‍ നിയമവകുപ്പിന്റെ അംഗീകാരം ലഭിക്കാന്‍ വൈകിയതാണ് പദ്ധതി നീണ്ടു പോകാന്‍ ഇടയാക്കിയത്. ഇപ്പോള്‍ അതും ലഭിച്ചിട്ടുണ്ട്.

ഒരു മാസത്തിനകം തുടങ്ങാന്‍ തയ്യാര്‍

എല്ലാ അനുമതിയും ലഭിച്ചാല്‍ ഒരു മാസത്തിനകം തന്നെ പദ്ധതി തുടങ്ങാന്‍ തങ്ങള്‍ തയ്യാറാണ്. അതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ കശുമാങ്ങ സീണണ്‍ അല്ലാത്തതാണ് ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദനം സംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി ലഭ്യമായാല്‍ പദ്ധതി ആരംഭിക്കാനാകും. പദ്ധതിക്ക് അനുകൂലമായ നിലപാടാണ് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അടക്കമുള്ളത്. അതിനാല്‍ ഈ പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന എക്‌സൈസിന്റെ നിര്‍ദേശങ്ങളും എത്രയും പെട്ടെന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഗോവയിലെ പോലെയുള്ള ഉത്പാദനമാണെങ്കില്‍ വളരെ എളുപ്പമായിരിക്കും. എന്നാല്‍ കേരളത്തില്‍ എത്തരത്തിലായിരിക്കണം ഉത്പാദ രീതിയെന്നതില്‍ തീരുമാനമെടുക്കേണ്ടത് എക്‌സൈസ് വകുപ്പാണ്.

ലിറ്ററിന് 200 രൂപ ഉത്പാദന ചെലവ്

വിലയെ സംബന്ധിച്ച് ബിവറേജസുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു. ബാങ്കിന്റെ സെക്രട്ടറിയും താനും ബിവറേജസ് എം.ഡി നേരില്‍ കണ്ട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. വലിയ താത്പര്യത്തിലാണ് ബിവറേജസും പദ്ധതിയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹം ഞങ്ങളോട് കുറെ ചോദ്യങ്ങളൊക്കെ ചോദിച്ചു. അതില്‍നിന്നും ഞങ്ങള്‍ നല്ല പഠനം നടത്തിയാണ് ഇറങ്ങിയിരിക്കുന്നതെന്ന കാര്യം അദ്ദേഹം തന്നെ പലരോടും പങ്കുവച്ചിരുന്നു.

വില നിശ്ചയിക്കുന്നത് ബിവറേജ്‌സ് കോര്‍പ്പറേഷനാണ്. ഒരു കിലോ കശുമാങ്ങയ്ക്ക് ഒരു കിലോ കശുവണ്ടിയുടെ വില കിട്ടുന്ന തരത്തില്‍ ശരാശരി 100 രൂപയെങ്കിലും കിട്ടുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ഉത്പാദന ചെലവ് ഒരു ലിറ്റര്‍ ഫെനിക്ക് 200 രൂപ വരും.

കാര്‍ഷിക മേഖലക്ക് കരുത്ത് പകരും

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് കാര്‍ഷിക മേഖലയ്ക്ക് കരുത്തുപകരും. കര്‍ഷകന് നല്ലൊരു തുക ലഭ്യമാകും. ഫെനിയെന്നതിലുപരി കര്‍ഷകന് പദ്ധതികൊണ്ട് ഗുണമുണ്ടാകുകയെന്നതാണ് ലക്ഷ്യം. അതിന് വേണ്ടിയാണല്ലോ ഞങ്ങള്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. കര്‍ഷിക മേഖലയെ സംരക്ഷിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യം. രണ്ടാമതായി ഇതിന് ഒട്ടെറെ ഔഷധ ഗുണമുണ്ട്. കശുമാങ്ങയുടെ സത്തില്‍ നിന്നാണ് ഇതുണ്ടാക്കുന്നത്. ‘രണ്ട് ആപ്പിളിന്റെ ഗുണമാണ് ഒരു കശുമാങ്ങയ്ക്കുള്ളതെന്നാണ്’ പറയപ്പെടുന്നത്. അതെല്ലാം ശാസ്ത്രീയമായി തന്നെ തെളിഞ്ഞിട്ടുള്ളതാണ്. കണ്ണൂരില്‍ നിന്ന് തന്നെ ഇതിനുള്ള കശുമാങ്ങ കണ്ടെത്താന്‍ കഴിയും. ആറളം ഫാമില്‍ തന്നെ കശുമാങ്ങ ഇതിന് അധികമാണ്.

സംസ്‌കരണ യൂണിറ്റ് പയ്യാവൂരില്‍

പയ്യാവൂര്‍ ടൗണിന് സമീപം പയ്യാവൂര്‍ സഹകരണ ബാങ്കിന് തന്നെ നാലേക്കര്‍ സ്ഥലമുണ്ട്. കൂടാതെ സ്റ്റോറ് ചെയ്യുന്നതിനുള്ള ബില്‍ഡിങ്ങുകളും ഉണ്ട്. സൗകര്യമുള്ള ബില്‍ഡിങ്ങിനായി നേരത്തെ തന്നെ സ്വകാര്യ കമ്പിനിയുമായി കരാറായിരുന്നു.

മുഖ്യമന്ത്രിക്കും താത്പര്യം

മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയില്‍ അതീവ താത്പര്യമാണുള്ളത്. കാര്‍ഷിക മേഖല രക്ഷപെടുന്ന പദ്ധതിയായതിനാല്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമാണ്. 2019ല്‍ തന്നെ കാര്‍ഷിക മേഖലയിലെ നേട്ടം കണക്കാക്കി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ നോക്കിയെങ്കിലും കോവിഡും മറ്റു പ്രതിസന്ധിയും കാരണം നടന്നില്ല. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.

Story Highlights: what is kannur feni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement