India’s Cannabis Capital: പാടേരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തുന്നത് ഒഡീഷ വഴി; 24 അന്വേഷണ പരമ്പര

പാടേരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തുന്നത് ഒഡീഷ വഴി. വിശാഖപട്ടണം വഴി പരിശോധന ശക്തമാക്കിയതോടെയാണ് ഏജന്റുമാർ ഒഡീഷ വഴി കഞ്ചാവ് കടത്തുന്നത്. കേരളത്തിൽ സമീപകാലത്ത് പിടിക്കപ്പെട്ടവരെല്ലാം ഒഡീഷ വഴി കഞ്ചാവ് കേരളത്തിലെത്തിച്ചവരാണ്. ( Cannabis reaches Kerala through Odisha; 24 series of investigations )
തോട്ടങ്ങളിൽ നിന്ന് പാടേരുവരെ ആദിവാസികൾ കഞ്ചാവെത്തിച്ചു നൽകും. ചന്ത ദിവസങ്ങളിൽ പാടേരുവിലെത്തുന്ന കഞ്ചാവ് ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ ഏജന്റുമാരുണ്ടാകും. പാടേരുവിൽ നിന്ന് വിശാഖപട്ടണം വഴിയുള്ള യാത്രയിൽ പരിശോധന അടുത്ത കാലത്തായി ശക്തമാണ്. അതുകൊണ്ട് കടത്തുകാർ ഒഡീഷ തെരഞ്ഞെടുക്കുന്നത്.പാടേരുവിൽ നിന്ന് 45 കിലോമീറ്റർ സഞ്ചരിച്ചാൽ അരക്കുവാലി, അവിടെ നിന്നും 18 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ ഒഡീഷ. പകൽവെളിച്ചത്തിൽ പോലും മോഷണവും പിടിച്ചുപറിയും നടക്കുന്ന സ്ഥലമാണിത്. പരിശോധിക്കാൻ പൊലീസില്ല എന്നതാണ് ഈ പാത തെരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
ആന്ധ്രയുടെ അതിർത്തി വരെ ഓഫ് റോഡ് യാത്രയാണ്. ഒഡീഷയെത്തുന്നതോടെ ടാറിട്ട റോഡാവും. ഒരു ചായക്കട പോലുമില്ലാത്ത വനപ്രദേശമാണിത്. എത്തിച്ചേരുന്നത് ബോഡോ ഗൊല്ലുരുവെന്ന ഒഡീഷയിലെ ട്രൈബൽ ഗ്രാമത്തിലാണ്. അവിടെ നിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ ഒഡീഷയുടെ നഗര മേഖലയാവും. അരക്കു വാലി മുതൽ ബോഡോ ഗൊല്ലുരു വരെ ഒരിടത്തും പൊലീസ് പരിശോധനയില്ല. പച്ചക്കറി മുതൽ പലചരക്കുവരെ കൊണ്ടുവരുന്ന വാഹനങ്ങളിൽ ഒളിപ്പിച്ചും രഹസ്യ അറകളിൽ നിറച്ചുമാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്.
പൊലീസിനും പട്ടാളത്തിനും കയറി ചെല്ലാൻ സാധിക്കാത്ത മാവോയിസ്റ്റ് നിയന്ത്രിത മേഖലകളിൽ സുലഭമായി കഞ്ചാവ് കൃഷി ചെയ്യപ്പെടുകയാണ്. ആന്ധ്രയുടെയും ഒറീസയുടെയും അതിർത്തി ഗ്രാമങ്ങളിൽ കഞ്ചാവ് കൃഷിക്കും വിതരണത്തിനും നേതൃത്വം നൽകുന്നത് മലയാളികളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും 24 ന്യൂസ് പുറത്തുവിട്ടു.
വിശാഖ പട്ടണത്തു നിന്ന് 110 കിലോ മീറ്റർ അകലെയാണ് പാടേരു. പാടേരു കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. പാടേരുവിൽ നിന്ന് ചെന്നെത്താവുന്ന ചെറിയ വനഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുകയാണ്. മാവോയിസ്റ്റു ബാധിത മേഖലകളായതിനാൽ പൊലീസിനെ ഭയക്കേണ്ടതില്ല എന്നതിനാലാണ് ഇവിടെ വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യപ്പെടുന്നത്. പക്ഷേ കാട്ടുവഴികളിലൂടെ 10 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാൽ മാത്രമേ ഇവിടെയെത്താനാകൂ.
Story Highlights: Cannabis reaches Kerala through Odisha; 24 series of investigations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here