സജി ചെറിയാനെ ഞാൻ ആക്ഷേപിക്കില്ല; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഭരണഘടനയെപ്പറ്റി വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പരസ്യമായി ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം രാജി വയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ( Rahul Mamkootathil mocks minister Saji Cherian )
” സി.പി.ഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാൻ ഭരണഘടനയെ തള്ളിപ്പറഞ്ഞാൽ ആക്ഷേപിക്കില്ല. അതിന് കാരണം ആഗസ്റ്റ് 15 നെ ആപത്ത് 15 എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമാണദ്ദേഹം. എന്നാൽ ഭരണഘടനയെ മുൻ നിർത്തി അധികാരമേറ്റ ജനപ്രതിനിധിയും മന്ത്രിയുമാണയാൾ.
ഇന്ത്യയിൽ ഭരണഘടനയെ അംഗീകരിക്കാത്ത രണ്ട് വിഭാഗമേയുള്ളൂ, അതിലൊന്ന് സംഘ് പരിവാറാണ്. അവർ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും മനു സ്മൃതി ഭരണഘടനയാക്കണമെന്നാണ്, എന്നാൽ ഈ കൂപ മണ്ഡൂകങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറഞ്ഞാൽ കൊള്ളാമെന്നുണ്ട്. അതല്ല, അംബേദ്ക്കറോട് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്ന എതിർപ്പിന്റെ ഭാഗമാണോ സജി ചെറിയാനെ കൊണ്ട് ഇങ്ങനെ പറയിച്ചത് എന്ന് വ്യക്തമാക്കണം.
Read Also: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി സിപിഐ
അതുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പ്രത്യയ ശാസ്ത്രം കണക്കെ അനുവർത്തിച്ച് വരുന്ന ദളിത് വിരുദ്ധത കൊണ്ട്, ദളിത് വിഭാഗത്തിൽപ്പെട്ട അംബേദ്ക്കർ എന്ന മഹാമനുഷ്യൻ തയ്യാറാക്കിയ ഭരണഘടന, അത് വെറും കേട്ടെഴുത്ത് മാത്രമായിരിക്കും എന്ന് കമ്മ്യൂണിസ്റ്റ് സവർണ്ണ ബോധമാണോ സജി ചെറിയാൻ പങ്ക് വെച്ചതെന്നും വ്യക്തമാക്കണം.
കാരണം എന്ത് തന്നെ ആയാലും, ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പരസ്യമായി ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യ്തിരിക്കുകയാണ്, അതിനാൽ സജി ചെറിയാൻ മന്ത്രി സ്ഥാനവും, എം.എൽ.എ സ്ഥാനവും രാജി വെച്ചൊഴിഞ്ഞ് നിയമ നടപടികൾ സ്വീകരിക്കണം”. – രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്ത്യൻ ഭരണഘടനയെപ്പറ്റി മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി സിപിഐയും രംഗത്തെത്തി. ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ ഉന്നയിച്ച് കോടതിയെ ആരെങ്കിലും സമീപിച്ചാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും സിപിഐ വ്യക്തമാക്കുന്നു.
Story Highlights: Rahul Mamkootathil mocks minister Saji Cherian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here